ശബരിമല ഒഴിവാക്കി രാഹുല്‍; പെരിയ കൂട്ടക്കൊലയും പരാമര്‍ശിച്ചില്ല

Wednesday 17 April 2019 5:26 am IST

പത്തനംതിട്ട: ശബരിമല വിഷയവും സിപിഎമ്മിനെയും പരാമര്‍ശിക്കാതെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിച്ചപ്പോഴാണ് ഇരുവിഷയങ്ങളും ഒഴിവാക്കി സംസാരിച്ചത്. 

ആര്‍എസ്എസിനേയും ബിജെപിയേയും ശക്തമായി കോണ്‍ഗ്രസ് എതിര്‍ക്കുമെന്നു പറഞ്ഞപ്പോള്‍ സിപിഎമ്മിനെതിരെ ഒരക്ഷരം പോലും രാഹുല്‍ പറഞ്ഞില്ല. കാസര്‍കോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത് പോലും പരാമര്‍ശിക്കാതിരുന്നത് അണികളെ അമ്പരപ്പിച്ചു. ശബരിമല ഉള്‍പ്പെട്ട പത്തനംതിട്ടയില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നു. വിശ്വാസവും ആചാരവും അവകാശമാണെന്നും അതിന് കോണ്‍ഗ്രസ് തടസമാകില്ല എന്ന് മാത്രമാണ് പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

വാഗ്ദാനങ്ങള്‍ ഏറെ നല്‍കി രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചെങ്കിലും സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് വോട്ട് അഭ്യര്‍ഥിക്കാന്‍ മറന്നു. വേദിയിലുണ്ടായിരുന്ന കെ.സി. വേണുഗോപാല്‍ ഓര്‍മിപ്പിച്ചതോടെയാണ് തിരികെ വന്ന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചത്. പ്രസംഗം പരിഭാഷപ്പെടുത്തിയ പ്രൊഫ. പി.ജെ. കുര്യന്‍ ഏറെ തെറ്റുകള്‍ വരുത്തിയത് സദസിന്റെ പ്രതിഷേധത്തിന് കാരണമായി. ഒരു ഘട്ടത്തില്‍ രാഹുല്‍ തന്നെ പകരം ആളിനെ ആവശ്യപ്പെടുന്നത് കാണാമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.