തെരഞ്ഞെടുപ്പ് ആവേശമുയര്‍ത്താന്‍ മോദിയും അമിത് ഷായും വീണ്ടും കേരളത്തിലെത്തും

Wednesday 17 April 2019 11:12 am IST

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പ്രചാരണത്തിന് കേരളമൊരുങ്ങുമ്പോള്‍ ആവേശം പകരാന്‍ പാര്‍ട്ടികളുടേയും മുന്നണികളുടേയും ദേശീയ നേതാക്കളും. ഇനി 5 ദിവസങ്ങള്‍ മാത്രമാണ് കേരളത്തില്‍ വോട്ടെടുപ്പിനായുള്ളത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമാണ് ബിജെപിയുടെ പ്രധാന താര പ്രചാരകര്‍. ഇവര്‍ രണ്ടാളും ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ പ്രചാരണത്തിന് എത്തിയതുമാണ്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രവര്‍ത്തകരല്‍ ആവേശമുയര്‍ത്താന്‍ ഇവര്‍ വീണ്ടും എത്തുന്നുണ്ട്. കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും അവസാന ഘട്ടത്തില്‍ കേരളത്തില്‍ പ്രചാരണ രംഗത്ത് സജീവാമാകുന്നുണ്ട്.

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി നാളെ കേരളത്തിലെത്തും വൈകുന്നേരം 5.30 ന് നടക്കുന്ന എന്‍ഡിഎയുടെ മഹാ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഈ മാസം 20 ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെഎസ് രാധാകൃഷ്ണന്റെ പ്രചാരണത്തിനായി എത്തുന്നുണ്ട്.

ഇതിന് പുറമെ, ബിജെപിയുടെ പ്രചാരണത്തിനായി ഒരു പിടി കേന്ദ്ര മന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് അടക്കം പ്രചാരണത്തിന് എത്തിയിരുന്നു. കേന്ദ്ര റെയില്‍ വേ മന്ത്രി പീയൂഷ് ഗോയല്‍ ഇന്ന് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരും വരും ദിവസങ്ങളില്‍ കേരളത്തിലെത്തുന്നുണ്ട്.

കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ പ്രചാരണത്തിനായി കേരളത്തിലെത്തിട്ടുണ്ട്. അദ്ദേഹം മത്സരിക്കുന്ന മണ്ഡലമായ വയനാട് അടക്കമുള്ളയിടങ്ങളില്‍ രാഹുല്‍ പ്രചാരണത്തിനിറങ്ങുന്നുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടത് നേതാക്കളും സംസ്ഥാനത്ത് പ്രചാരണത്തിനായുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.