നാണമുണ്ടോ കോണ്‍ഗ്രസിന്

Wednesday 17 April 2019 5:10 pm IST

തിരുവനന്തപുരം: വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയശേഷം ആദ്യമായി കേരളത്തില്‍ പ്രചാരണത്തിനെത്തിയതാണ് രാഹുല്‍. പത്തനാപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗം. പറഞ്ഞ ഓരോ വാക്കും കേരളത്തിലെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നതാണ്. പത്തനാപുരത്തെ ആദ്യപ്രസംഗത്തില്‍ കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികള്‍ക്കുള്ള കണ്ണീര്‍ വാര്‍ക്കലായി. കശുവണ്ടി തൊഴിലാളികള്‍ കഷ്ടത്തിലാണെന്നും അവരെ സഹായിക്കാന്‍ നരേന്ദ്രമോദി ഒന്നും ചെയ്തില്ലെന്നാണ് രാഹുലിന്റെ ആരോപണം. കശുമാങ്ങയ്ക്ക് അകത്താണോ പുറത്താണോ അണ്ടി എന്നറിയാത്ത ഈ വിരുതന് കശുവണ്ടി ഫാക്ടറികളെയും തൊഴിലാളികളെയും കുറിച്ച് ഒരു നിശ്ചയവുമില്ലെന്ന് വ്യക്തം.

കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമാണ്. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ തലപ്പത്തിരുന്ന് അഴിമതിയുടെ ദുര്‍ഗന്ധം പരത്തിയ വ്യക്തിയെ തൊട്ടടുത്തിരുത്തിയാണ് ദേശീയ അധ്യക്ഷന്‍ വിവരക്കേട് വിളമ്പിയത്. കോര്‍പ്പറേഷനും സര്‍ക്കാരുമാണ് കശുവണ്ടിത്തൊഴിലാളികളെ സഹായിക്കേണ്ടത്. നരേന്ദ്രമോദിക്ക് ഇതില്‍ പങ്കൊന്നുമില്ലെന്ന കാര്യം ഈ ചങ്ങാതിക്ക് അറിയുകപോലുമില്ല. കോര്‍പ്പറേഷനും സംസ്ഥാനവും ഭരിക്കാത്ത പാര്‍ട്ടിയാണ് ബിജെപി. 

പത്തനംതിട്ടയില്‍ പ്രസംഗിക്കുമ്പോള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ഒപ്പമാണെന്നാണ് രാഹുലിന്റെ വാദം. ശബരിമലയില്‍ പോലീസ് സഹായത്തോടെ അതിക്രമിച്ചുകയറാന്‍ ശ്രമിച്ച അവിശ്വാസികളെ തള്ളിപ്പറയാനോ സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളെ തല്ലിച്ചതച്ചതിനെ അപലപിക്കാന്‍പോലും തയ്യാറായില്ല. ഭക്തര്‍ക്കൊപ്പമല്ല സംസ്ഥാന സര്‍ക്കാരിനൊപ്പമാണെന്ന വ്യക്തമായ നിലപാടാണ് രാഹുല്‍ പ്രസ്താവിച്ചത്. ആലപ്പുഴയില്‍  പ്രസംഗിച്ചപ്പോള്‍ കോണ്‍ഗ്രസ് ആരോടൊപ്പം എന്ന് ഒന്നുകൂടി വ്യക്തമായി.

ആര്‍എസ്എസ് ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ത്തതുപോലെ ഒരിടത്തും സിപിഎം പെരുമാറിയിട്ടില്ലെന്ന നല്ല സര്‍ട്ടിഫിക്കറ്റും രാഹുല്‍ നല്‍കി. ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതുപോലെ ഒന്നും സിപിഎം ചെയ്തിട്ടില്ലെന്നും രാഹുലിന് അഭിപ്രായമുണ്ട്.  നാണമില്ലേ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കെന്ന് ആരും ചോദിച്ചുപോകും. 

കേരളത്തില്‍ കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിയിലാണ്. മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ  കുലയ്ക്കും രക്ഷയില്ലെന്ന് പറയുന്നത് യുഡിഎഫുകാരാണ്. കാസര്‍കോടും കണ്ണൂരും ചെന്ന് മാര്‍ക്‌സിസ്റ്റുകാര്‍ സല്‍ഗുണ സമ്പന്നരാണെന്ന് പറയാന്‍ രാഹുല്‍ തയ്യാറാകുമോ? രാഹുലിന്റെ നിലപാട് കെ. സുധാകരന്‍ അംഗീകരിക്കുമോ? പെരിയ ഉള്‍ക്കൊള്ളുന്ന കാസര്‍കോട് മത്സരിക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന് അംഗീകരിക്കാനാകുമോ? രാഹുല്‍ പറഞ്ഞത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സിപിഎമ്മിനെതിരെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ പിന്‍വലിക്കാന്‍ തയ്യാറുണ്ടോ? 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യം അട്ടിമറിച്ചത് കോണ്‍ഗ്രസാണ്. നാലായിരത്തിലധികം സിക്കുകാരെ വെട്ടിനുറുക്കി കൊന്നത് കോണ്‍ഗ്രസാണ്. അതിനെ ന്യായീകരിച്ചത് രാഹുലിന്റെ അച്ഛന്‍ രാജീവാണ്. ഭരണഘടനയെ അംഗീകരിക്കാത്ത, സ്വാതന്ത്ര്യ ലബ്ധി ആഘോഷിക്കാത്ത ഒരേ ഒരു കക്ഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആര്‍എസ്എസുകാരെ റിപ്പബ്ലിക് ദിനപരേഡില്‍ ക്ഷണിച്ച് നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിച്ചത് അച്ഛന്റെ അമ്മയുടെ അച്ഛന്‍ നെഹ്‌റുവാണ്. രാഹുലിന് കഷ്ടം ഒന്നും അറിയില്ല, അവന്‍ കുട്ടിയാണ്.

രാഹുല്‍ വിഡ്ഢിത്തം അലങ്കാരമാക്കുന്നു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.