പിണറായിക്കെതിരെ നടപടി വേണം; കേരളത്തിലും മോദി-രാഹുല്‍ പോരാട്ടം

Wednesday 17 April 2019 6:05 pm IST

ആലപ്പുഴ: കേരളത്തിലും തെരഞ്ഞെടുപ്പ് പോരാട്ടം നരേന്ദ്ര മോദിയും, രാഹുലും തമ്മിലായി മാറിയെന്ന് ബിജെപി ദേശിയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. സിപിഎമ്മിനെ ഘടകകക്ഷിയായി രാഹുല്‍ അംഗീകരിച്ചു കഴിഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ അടുക്കളയിലാണ്. ഇവിടെ സന്ദര്‍ശനം നടത്തിയ രാഹുല്‍ സിപിഎമ്മിനെ പുകഴ്ത്താനാണ് സമയം കണ്ടെത്തിയത്.

ഒരു ഘടകകക്ഷിക്കുള്ള എല്ലാ പരിഗണനയും സിപിഎമ്മിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുകയാണ്. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടാണ് രാഹുലിനും. ശബരിമല എന്ന വാക്കു പോലും ഉച്ചരിക്കാന്‍ അദ്ദേഹം തയാറാകാതിരുന്നതും അക്കാരണത്താലാണ്. കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിന്റെ പേരില്‍ സമീപത്തെ ക്ഷേത്രത്തിലെ നാമജപം കേള്‍ക്കാതിരിക്കാന്‍ വൈദ്യുതി വിച്ഛേദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദുക്കളെ വീണ്ടും അപമാനിച്ചു.

മത നിന്ദ നടത്തിയതിനും, അനുവാദമില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനും പിണറായി വിജയനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം അവസാന ഘട്ടം വരെയും നില്‍ക്കുമെന്ന ഉറച്ച നിലപാടാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസാകട്ടെ ഇരട്ടത്താപ്പ് നയം സ്വീകരിച്ച് വിശ്വാസികളെ വഞ്ചിക്കുന്നു.

കേരളത്തില്‍ മതപരമായ ചേരിതിരിവുണ്ടാക്കി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ഇടതു-വലതു മുന്നണികള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിനെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത് ഭൂരിപക്ഷ സമുദായത്തോട് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭയം ജനിപ്പിക്കുന്നതിനാണ്. ന്യൂനപക്ഷങ്ങളില്‍ ഭയാശങ്കകള്‍ ഉണ്ടാക്കി നേട്ടമുണ്ടാക്കുക എന്നത്  ഭാവിയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. 

 ഭാരതത്തെ വെട്ടിമുറിക്കുന്നതിനെ പിന്തുണച്ചവരാണ് കമ്മ്യൂണിസ്റ്റും, കോണ്‍ഗ്രസും, മുസ്ലിം ലീഗും. അവര്‍ ഇന്ന് മതത്തിന്റെ പേരില്‍ വിഭജന രാഷ്ട്രീയം കളിക്കുന്നതിലും ഒറ്റക്കെട്ടാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. ആലപ്പുഴ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമിതിയംഗം ആര്‍. ഉണ്ണികൃഷ്ണനും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.