തമിഴ്‌നാട്ടില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ സൂക്ഷിച്ചിരുന്ന പണം പിടികൂടി

Wednesday 17 April 2019 6:26 pm IST

ചെന്നൈ: ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവിന്റെ കൈയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത 1.48 കോടി രൂപ ആദായ നികുതി വകുപ്പ് പിടികൂടി. തമിഴ്‌നാടിലെ ആണ്ടിപ്പട്ടിയിലെ കടയില്‍ പുലര്‍ച്ചെ 5.30ഓടെ നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. 

92 കവറുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം പണം വിതരണം ചെയ്യേണ്ട വാര്‍ഡുകളുടെ നമ്പറും ഓരോ വോട്ടര്‍മാരുടെ പേരും അഡ്രസും രേഖപ്പെടുത്തിയ കവറുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഓരോ വോട്ടര്‍ക്കും 300 രൂപ വീതം നല്‍കാനായിരുന്നു പദ്ധതിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയ്ഡിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും ദല്‍ഹിയിലെ ആദായ നികുതി വകുപ്പിനും നല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

റെയ്ഡ് നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെ തടയാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. കുറച്ചുപേര്‍ പണവുമായി ഓടാനും നോക്കിയതിനെത്തുടര്‍ന്ന് പോലീസ് നാല് പ്രവര്‍ത്തകരെ അറസ്സ്് ചെയ്തു.  ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് കനിമൊഴിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഡിഎംകെ നേതാവിന്റെ കൈയില്‍ നിന്നും 11.53 കോടി രൂപ പിടിച്ചെടുത്തതിനെ തുടര്‍ന്ന് വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു.

ഇതാദ്യമായല്ല തമിഴ്‌നാടില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത്. 2016ലും 2017ലും വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുത്തതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഇന്നാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.