ആശ്വാസമായി വേനല്‍മഴയെത്തി; കൊച്ചിയില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം

Wednesday 17 April 2019 7:58 pm IST

തിരുവനന്തപുരം: ചൂടില്‍ പൊറുതി മുട്ടിയ കേരളത്തില്‍ ആശ്വാസമായി വേനല്‍മഴയെത്തി. സംസ്ഥാനത്തിന്റെ മിക്ക ജില്ലകൡും മഴ ലഭിച്ചു. തെക്കന്‍ ജില്ലകളില്‍ ശനിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

മഴയോടൊപ്പം കാറ്റും ഇടിമിന്നലുമുണ്ടായി. കൊച്ചിയില്‍ ഇടിമിന്നലേറ്റ് യുവതിയും സഹോദരിപുത്രനും മരിച്ചു. പുത്തന്‍കുരിശ് വെട്ടിക്കലില്‍ മണ്ണോത്തുകുഴി ലിസി, ഇവരുടെ സഹോദരിയുടെ മകന്‍ അലക്‌സ് എന്നിവരാണ് മരിച്ചത്. 

തെക്കന്‍ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ലഭിച്ചത്. തലസ്ഥാനത്ത് ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ശക്തമായ ഇടിയോട് കൂടി മഴ തുടരും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതില്‍ തന്നെ മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാഗങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊടുംചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ വലിയ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ ഉയര്‍ന്ന താപനിലയില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ട എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.  വയനാട് ഒഴികെ എല്ലാ ജില്ലകളിലും താപനില ശരാശരിയിലും രണ്ട് ഡിഗ്രി വരെ കൂടിയേക്കാം. രാജ്യത്ത് ഇക്കുറി ശരാശരി മഴ ലഭിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.