ആര്‍എസ്എസിനെ അറിയാന്‍ സെന്‍സ് വേണം

Thursday 18 April 2019 4:17 am IST

''ആര്‍എസ്എസിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിനേ കഴിയൂ. ആര്‍എസ്എസിനോളം രാജ്യദ്രോഹം കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തിട്ടില്ല.'' കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണിത്. കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത് കമ്മ്യൂണിസ്റ്റുകാരെയാണെന്ന് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ നിരന്തരം ആവര്‍ത്തിക്കുമ്പോഴാണ് ദേശീയ നേതാവിന്റെ വിചിത്രമായ മൊഴി. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് എതിരായി ഒരക്ഷരം മിണ്ടില്ലെന്ന് വയനാടില്‍ പത്രികനല്‍കിയ ഉടന്‍ പ്രസ്താവിച്ച രാഹുല്‍ വാക്ക് മാറ്റിയില്ല.

രണ്ടുദിവസം നിരവധി യോഗങ്ങളില്‍ പ്രസംഗിച്ചപ്പോഴേല്ലാം സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ വാക്ക് തെറ്റിച്ചില്ല. മാര്‍ക്‌സിസ്റ്റുകാരുടെ കൊലക്കത്തിക്കിരയായി പിടഞ്ഞുമരിച്ച കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ നിരവധിയാണ്. അവരുടെ ആത്മാവിനെ കുത്തിനോവിച്ചുകൊണ്ടായിരുന്നു കമ്യൂണിസ്റ്റുകാര്‍ക്കുള്ള പ്രശംസാപത്രം രാഹുല്‍ നല്‍കിയത്. ഇതിനെക്കുറിച്ച് കേരളത്തില്‍ മുഖ്യശത്രു സിപിഎമ്മാണെന്ന് പറയുന്ന കെപിസിസി ഏമാന്മാര്‍ക്ക് എന്തുപറയാനുണ്ടെന്ന് അറിയാന്‍ മലയാളികള്‍ക്ക് താല്‍പ്പര്യമുണ്ട്. 

ആര്‍എസ്എസ് ചെയ്തത്ര രാജ്യദ്രോഹം കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തില്ലെന്ന് പറയുന്ന രാഹുലിന് രാജ്യത്തിന്റെ ചരിത്രവും കമ്മ്യൂണിസ്റ്റുകാര്‍ ചെയ്ത ദ്രോഹങ്ങളും ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത കക്ഷിയാണ് കമ്മ്യൂണിസ്റ്റുകാര്‍. സായുധസമരമല്ലാതെ സഹനസമരം അംഗീകരിക്കാത്ത പാര്‍ട്ടിയാണത്.

'തോക്കിന്‍കുഴലിലൂടെ വിപ്ലവം' എന്ന് വിശ്വസിച്ചിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ മഹാത്മജിയെയും സുഭാഷ് ചന്ദ്രബോസിനെയും എന്തിന് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലും അംഗീകരിച്ചിരുന്നില്ല. ദേശീയ സ്വാതന്ത്ര്യസമരത്തിന് പകരം അട്ടിമറി സമരത്തെ ആശ്രയിച്ച ഈ കക്ഷി ഏറ്റവും പ്രധാനപ്പെട്ട പോരാട്ടമായി കാണുന്നത് കേരളത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തെയാണ്. ഈ സ്ഥലം സ്ഥിതിചെയ്യുന്ന ആലപ്പുഴയില്‍ ചെന്നാണ് രാഹുല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് 'ഗുഡ് സര്‍വീസ് എന്‍ട്രി' നല്‍കി ബഹുമാനിച്ചത്. പോലീസുകാരെ കശാപ്പ് ചെയ്ത് ആസ്വദിച്ചതിന്റെ അനന്തരഫലമായിരുന്നു പുന്നപ്ര-വയലാറിലെ പോലീസ് നടപടി. അതിനെ ആലപ്പുഴയിലെയും കേരളത്തിലെയും കോണ്‍ഗ്രസ്സുകാര്‍ അംഗീകരിക്കുന്നുണ്ടോ? 

ആര്‍എസ്എസിനെ നശിപ്പിക്കാന്‍ കോണ്‍ഗ്രസ്സിനേ കഴിയൂ എന്നവകാശപ്പെടുന്ന രാഹുല്‍ എന്താണ് ആര്‍എസ്എസ് എന്ന് പഠിക്കണം. ഇത്തരം വീമ്പടിച്ച പലരും ആര്‍എസ്എസിനെ വാഴ്ത്തിയ ചരിത്രമേയുള്ളു. രാഷ്ട്രപതിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി കോണ്‍ഗ്രസ്സുകാരനല്ലെന്ന് ആരെങ്കിലും പറയുമോ? ഇന്ദിരാഗാന്ധിയുടെ കാലംതൊട്ട് കോണ്‍ഗ്രസ്സിന്റെ സര്‍വസ്വവുമായി പ്രവര്‍ത്തിച്ച പ്രണബ്കുമാര്‍ മുഖര്‍ജി കഴിഞ്ഞ വിജയദശമി ദിനത്തില്‍ നാഗ്പൂരിലെത്തിയത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നില്ല.

ആര്‍എസ്എസിന്റെ ആഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു. കോണ്‍ഗ്രസ്സിന്റെ സര്‍ക്കാര്‍ മൂന്നുതവണ ആര്‍എസ്എസിനെ നിരോധിച്ചപ്പോള്‍ അനുകൂലിച്ച പ്രണബ് കുമാര്‍ മുഖര്‍ജിയുടെ അഭിപ്രായം രാഹുല്‍ ചോദിച്ചറിയണം. നെഹ്‌റുവും ഗാന്ധിജിയും ആര്‍എസ്എസിനെക്കുറിച്ച് നല്ലതുമാത്രം പറഞ്ഞ നേതാക്കളാണ്. 1963ലെ റിപ്പബ്ലിക് ദിനത്തില്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു ആര്‍എസ്എസിനെ ആദരപൂര്‍വം ക്ഷണിച്ച് പരേഡില്‍ പങ്കെടുപ്പിച്ചു. അന്ന് കമ്മ്യൂണിസ്റ്റുകാര്‍ ചൈനാ ചാരന്മാരായിരുന്നു. അഞ്ചാം പത്തി പണിയായിരുന്നു അന്നവര്‍ക്ക്.

ത്യാഗത്തിന്റെയും സേവനത്തിന്റെയും പര്യായമാണ് ആര്‍എസ്എസ്. ഈ പ്രസ്ഥാനം സ്വാധീനം ചെലുത്താത്ത മേഖലയില്ല. ആര്‍എസ്എസിനെ നേരിടുമെന്ന് വീമ്പടിക്കുംമുന്‍പ് എന്താണ് ആര്‍എസ്എസ് എന്ന് മനസ്സിലാക്കാനാണ് തയാറാകേണ്ടത്. പ്രകൃതിയും മനുഷ്യനും ഉണ്ടാക്കുന്ന ദുരന്തങ്ങളില്‍പ്പെട്ട് കഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പിയ ആര്‍എസ്എസുകാരുടെ ചരിത്രം ലോകമെമ്പാടും അംഗീകരിച്ചതാണ്. അതറിയാന്‍ സെന്‍സ് വേണം. പക്ഷെ അതില്ലാതെപോയി കോണ്‍ഗ്രസ് അധ്യക്ഷന്. വെറുതെ കല്ലുകടിച്ച് പല്ല് കളയാതിരിക്കുന്നതാണ് നല്ലത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.