ഉദ്യോഗസ്ഥരും പോലീസും ചിലര്‍ക്കായി പ്രവര്‍ത്തിക്കുന്നു

Wednesday 17 April 2019 9:39 pm IST
തെരഞ്ഞെടുപ്പില്‍ ശബരിമലയെപ്പറ്റി പറയരുതെന്ന് ആവശ്യപ്പെടുന്നവര്‍ എന്തുകൊണ്ടാണ് ബാബറി മസ്ജിദും ഗുജറാത്ത് കലാപവും വിലക്കാത്തത്. ആറ്റിങ്ങലില്‍ നിന്ന് ശബരിമല കര്‍മസമിതിയുടെ ലഘുലേഖകള്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ അവിടത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പ്രചാരണ നോട്ടീസിലെ ചട്ടലംഘനങ്ങള്‍ പരിശോധിക്കാന്‍ തയാറാകുന്നില്ല.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെയും ചില രാഷ്ട്രീയ പാര്‍ട്ടിയുടെയും ഇച്ഛയ്ക്ക് അനുസൃതമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും പ്രവര്‍ത്തിക്കുന്നെന്ന് ശബരിമല കര്‍മസമിതി സംസ്ഥാന വര്‍ക്കിങ് ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല ടീച്ചര്‍. ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതികരിച്ച് തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതി സ്ഥാപിച്ച ബോര്‍ഡും, ബാനറുകളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തിരുന്നു. ഇതിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.

ഇത് ഒരു സംഘടനയുടെ പ്രവര്‍ത്തന സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണ്. ശബരിമല കര്‍മസമിതി അരാഷ്ട്രീയ സംഘടനയാണ്. ഭൂരിപക്ഷ സമൂഹത്തിന്റെ വികാരങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ശ്രമിക്കുമ്പോള്‍ പ്രതികരിക്കാന്‍ ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയം പറയാതെയും ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാതെയും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുവാദം നല്‍കിയിരുന്നു. രജിസ്‌ട്രേഡ് സംഘടനയാണ് ശബരിമല കര്‍മസമിതി. 

 ഭരണകൂടം ആരെയൊക്കെയോ ഭയക്കുന്നുവെന്നതിന്റെ തെളിവാണിത്. തെരഞ്ഞെടുപ്പില്‍ ശബരിമലയെപ്പറ്റി പറയരുതെന്ന് ആവശ്യപ്പെടുന്നവര്‍ എന്തുകൊണ്ടാണ് ബാബറി മസ്ജിദും ഗുജറാത്ത് കലാപവും വിലക്കാത്തത്. ആറ്റിങ്ങലില്‍ നിന്ന് ശബരിമല കര്‍മസമിതിയുടെ ലഘുലേഖകള്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ അവിടത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പ്രചാരണ നോട്ടീസിലെ ചട്ടലംഘനങ്ങള്‍ പരിശോധിക്കാന്‍ തയാറാകുന്നില്ല.   

ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ബോര്‍ഡുകള്‍ എന്തിനാണ് മാറ്റിയതെന്ന് വ്യക്തമാക്കണം. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ഭരണകൂടഭീകരതയ്‌ക്കെതിരെയുള്ള ബോര്‍ഡുകള്‍ ഇനിയും സ്ഥാപിക്കുമെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പുചട്ടം ഉയര്‍ത്തിക്കാട്ടി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഉദ്യോഗസ്ഥ നടപടിക്ക് വിലക്കേര്‍പ്പെടുത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തയാറാകണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.

ശബരിമല കര്‍മസമിതി സംസ്ഥാന കണ്‍വീനര്‍ ഇ.എസ്. ബിജു, ജില്ലാ കണ്‍വീനര്‍ വഴയില ഉണ്ണി, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ പി. ജ്യോതീന്ദ്ര കുമാര്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.