കോട്ടയം: അഖിലഭാരത നാരായണീയ പ്രചാരസഭയും മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന 13-ാമത് അഖിലഭാരത നാരായണീയ മഹാസത്രം മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ മെയ് 12 മുതല്‍ 19 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന അഞ്ച് ഘോഷയാത്രകള്‍ സത്രത്തിനു മുന്നോടിയായി മള്ളിയൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. 12ന് സത്രവേദിയില്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് വിഗ്രഹപ്രതിഷ്ഠ നടത്തും. കൊടിമര ഘോഷയാത്ര മെയ് 9ന് ആരംഭിക്കും.
സത്രത്തിന്റെ ഭാഗമായി നാരായണീയ എക്സിബിഷന്, പ്രഭാഷണ പരമ്പരകള്‍, ഉദ്ഘാടന-സമാപന സമ്മേളനങ്ങള്‍ എന്നിവ നടക്കും. ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തിമാരായ മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി, കലയത്ത് പരമേശ്വരന് നമ്പൂതിരി എന്നിവര്‍ സത്രത്തിന് മുഖ്യകാര്‍മികത്വം വഹിക്കും. മള്ളിയൂര്‍ ദിവാകരന് നമ്പൂതിരി ചെയര്‍മാനായി 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സത്രത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് മുഴുവന്‍ സമയവും ഭക്ഷണവിതരണം ഉണ്ട്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സത്രം മുഖ്യ കോ-ഓര്‍ഡിനേറ്റര്‍ വി.കെ. ദിനേശന് പിള്ള, സത്രം കണ്‍വീനര്‍ ലളിത എം നായര്‍, കമലം എസ് നായര്‍, ഉഷാ നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: