രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പലയിടത്തും വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കി

Thursday 18 April 2019 7:35 am IST
11 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 95 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെ വോട്ടെടുപ്പ് തുടരും.

ന്യൂദല്‍ഹി: 11 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 95 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറുവരെ തുടരും. 

രാവിലെ ഒമ്പതുവരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ പോളിംഗ് ശതമാനം ഇങ്ങനെയാണ്: ആസാം-9.5%, ജമ്മു കശ്മീര്‍- 0.99, കര്‍ണാടക 0.9, മഹാരാഷ്ട്ര- 0.5, മണിപ്പൂര്‍- 1.78, ഒഡീഷ- 2.15, തമിഴ്‌നാട്- 13.48, ഉത്തര്‍പ്രദേശ്- 3.99, പശ്ചിമബംഗാള്‍- 0.55, ഛത്തീസ്ഗഡ്- 7.75, പുതുച്ചേരി- 1.62. എന്നിങ്ങനെ

അതിനിടെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ തികയും മുന്‍പേ പലയിടത്തും വോട്ടിങ് മെഷീനുകള്‍ തകരാറിലായി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, ഒഡിഷ, കോയമ്ബത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിലുള്ള അഞ്ചിടങ്ങളില്‍ മെഷീനുകള്‍ തകരാറിലായതായി ജില്ലാ മജിസ്ട്രേറ്റ് ആസ്തിക് കുമാര്‍ പാണ്ഡെ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തുകളില്‍ നിന്ന് വോട്ടര്‍മാര്‍ മടങ്ങിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോയമ്പത്തൂരിലെ ചിലയിടങ്ങളിലും ഇതേ പ്രശ്നം നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒഡീഷ, തമിഴ്നാട് എന്നിവടങ്ങളിലെ നിയമസഭാ സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. 1629 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. രാജ്യത്തെ 18 ശതമാനത്തോളം വോട്ടര്‍മാരാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, ജിതേന്ദ്ര സിംഗ്, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, മുന്‍ കര്‍ണാടക മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍. തമിഴ്‌നാട്ടില്‍ 38 മണ്ഡലങ്ങളില്‍ ഇന്നു വോട്ടെടുപ്പ് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.