നായര്‍ വിരുദ്ധ പരാമര്‍ശം; തരൂരിനെതിരെ നിയമ നടപടികള്‍ തുടങ്ങുന്നു

Thursday 18 April 2019 6:31 am IST

കൊച്ചി: ശശി തരൂരിന്റെ പുസ്തകത്തിലെ നായര്‍ സമുദായ വിരുദ്ധ പരാമര്‍ശം കോടതിയിലേക്ക്. ഒരു സമുദായത്തെ മുഴുവന്‍ അപമാനിക്കുകയും സ്വാഭിമാന ഹാനി വരുത്തുകയും ചെയ്ത തരൂര്‍, പുസ്തകമോ പുസ്തകത്തിലെ ഭാഗമോ പിന്‍വലിച്ച് തെറ്റു പറ്റിയതായി പത്രപരസ്യം ചെയ്തില്ലെങ്കില്‍ നിയമ നടപടിക്കു പോകുമെന്ന നിലപാടിനോട് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണിത്. 

എഴുത്തുകാരനും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ ശശി തരൂരിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തിലാണ് നായര്‍ സമുദായത്തെ അടച്ചാക്ഷേപിക്കുന്ന പരാമര്‍ശം വന്നത്. ഇത് പലരും ചൂണ്ടിക്കാട്ടിയിട്ടും അത് തെറ്റാണെന്ന് സമ്മതിക്കാന്‍ തയാറാകാതെ ന്യായീകരിക്കുകയായിരുന്നു തരൂര്‍. പഴയകാലത്തെ നായര്‍ സ്ത്രീകളുടെ വൈവാഹിക ജീവിതത്തെക്കുറിച്ചുള്ള പരാമര്‍ശത്തിലാണ് വിവാദ ഭാഗം. പണ്ടെല്ലാം നായര്‍ സമുദായത്തില്‍ ലൈംഗിക അരാജകത്വം ഉണ്ടായിരുന്നതായി തരൂര്‍ വിവരിക്കുന്നു.

വിവാഹിതകളായ നായര്‍ സ്ത്രീകളുടെ മുറിക്കു പുറത്ത്, ചെരുപ്പഴിച്ചു വെച്ചിട്ടില്ലെങ്കിലേ സ്വന്തം ഭര്‍ത്താവു പോലും ഉള്ളില്‍ കടക്കുമായിരുന്നുള്ളു. പരപുരുഷന്മാര്‍ അകത്തുണ്ടെന്ന് അറിയിക്കാന്‍ മുറിക്കുപുറത്ത് ചെരുപ്പ് അഴിച്ചുവെക്കുന്നതായിരുന്നു അടയാളം തുടങ്ങിയ വിവരണങ്ങളാണ് പുസ്തകത്തില്‍. 

ഇൗ പരാമര്‍ശങ്ങളോട് എതിര്‍പ്പുണ്ടായപ്പോള്‍ വിവരണങ്ങള്‍ വാസ്തവവും ചരിത്രവുമാണെന്ന് സ്ഥാപിക്കാന്‍ വാദിക്കുകയായിരുന്നു തരൂര്‍. ഇതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം സ്വദേശി സന്ധ്യാ ശ്രീകുമാര്‍, അഡ്വ. സുപ്രിയാ ദേവയാനി മുഖേന തരൂരിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പുസ്തകത്തിലെ പരാമര്‍ശം തെറ്റായെന്ന് ഖേദം പ്രകടിപ്പിക്കണമെന്നും പുസ്തകം പിന്‍വലിക്കുന്നതടക്കം നടപടിവേണമെന്നുമായിരുന്നു ആവശ്യം.  എന്നാല്‍ തരൂര്‍ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതി നടപടികളിലേക്ക് നീങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.