പ്രജ്ഞാസിങ് ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥി

Wednesday 17 April 2019 10:36 pm IST

ന്യൂദല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് ഹിന്ദുക്കളെ അപമാനിച്ചുകൊണ്ട് യുപിഎ ഭരണകാലത്ത് അരങ്ങേറിയ ഹിന്ദു ഭീകരവാദം എന്ന കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ഇര സാധ്വി പ്രജ്ഞാസിങ് താക്കൂറിനെ ഭോപ്പാലിലെ സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചു.

ഹിന്ദു ഭീകരവാദമെന്ന അധിക്ഷേപം ആദ്യമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ്‌സിങ്ങിനെതിരേയാണ് പ്രജ്ഞാസിങ്ങിന്റെ പോരാട്ടം. വടക്കേന്ത്യയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആവേശം വര്‍ധിപ്പിച്ചുകൊണ്ടാണ് സാധ്വി പ്രജ്ഞാസിങ്ങിനെ ബിജെപി ഭോപ്പാലില്‍ മത്സരിപ്പിക്കുന്നത്. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ സംയുക്തമായ പോരാട്ടം നമുക്ക് നടത്തേണ്ടതുണ്ടെന്നും ഭോപ്പാലില്‍ വിജയം സുനിശ്ചിതമെന്നും പ്രജ്ഞാസിങ് താക്കൂര്‍ പ്രതികരിച്ചു. 

പത്തുവര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുടെ ഫലമായി ജയിലില്‍ കഴിയേണ്ടിവന്ന താന്‍ ഇവിടേക്കെത്തിയത് രാഷ്ട്രീയ യുദ്ധത്തിലും ധര്‍മയുദ്ധത്തിലും വിജയിക്കാനാണെന്ന് സാധ്വി പ്രജ്ഞാസിങ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍, ബിജെപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാല്‍ എന്നിവര്‍ക്കൊപ്പം പ്രജ്ഞാസിങ് ഭോപ്പാലിലെ സംസ്ഥാന ഓഫീസിലെത്തി.

രാജ്യത്ത് ഹിന്ദു ഭീകരവാദം എന്ന പദം ആദ്യമായി ഉപയോഗിച്ച കോണ്‍ഗ്രസ് അതിനായി കെട്ടിച്ചമച്ച മലേഗാവ് സ്‌ഫോടന കേസിലെ പ്രധാന പ്രതിയായിരുന്ന പ്രജ്ഞാസിങ്ങിനെ കഴിഞ്ഞ മാസം കോടതി കുറ്റവിമുക്തയാക്കിയിരുന്നു. വിചാരണ പോലും നിഷേധിക്കപ്പെട്ട് വര്‍ഷങ്ങളോളമാണ് പ്രജ്ഞാസിങ് ജയിലില്‍ കഴിഞ്ഞത്. 2008 സപ്തംബര്‍ 29നായിരുന്നു മഹാരാഷ്ട്രയിലെ മലേഗാവില്‍ മോട്ടോര്‍ സൈക്കിള്‍ സ്‌ഫോടനമുണ്ടായത്. എട്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രജ്ഞാസിങ് താക്കൂര്‍ അടക്കം നിരവധി നിരപരാധികളെയാണ് യുപിഎ സര്‍ക്കാര്‍ പ്രതിചേര്‍ത്ത് വര്‍ഷങ്ങളോളം പീഡിപ്പിച്ചത്. പ്രജ്ഞയുടെ പേരിലുള്ള മോട്ടോര്‍സൈക്കിളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. അതിന്റെ പേരിലായിരുന്നു പീഡനം മുഴുവനും. 2004ല്‍ മഹേഷ് എന്ന വ്യക്തിക്ക് ബൈക്ക് വിറ്റിരുന്നതായി അച്ഛന്‍ ഡോ. ചന്ദ്രപാല്‍സിങ് താക്കൂറിന്റെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല. എബിവിപിയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ സാധ്വി പ്രജ്ഞാസിങ് താക്കൂര്‍ മധ്യപ്രദേശിലെ ബിണ്ടില്‍ എന്‍ജിഒ പ്രവര്‍ത്തനങ്ങളുമായി കഴിയുന്നതിനിടെയാണ് വ്യാജ ഭീകരവാദ കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത്. 

കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രതിനിധാനം ചെയ്യുന്ന വിദിശയില്‍ ഇത്തവണ മത്സരിക്കുന്നത് രമാകാന്ത് ഭാര്‍ഗവ് ആണ്. ലോക്‌സഭയിലേക്ക് മത്സര രംഗത്തുണ്ടാവില്ലെന്ന് സുഷമാ സ്വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.