ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്തു; രാഷ്ട്രീയ ഗൂഢാലോചനയെന്ന് ബിജെപി

Thursday 18 April 2019 1:24 pm IST

തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. ആറ്റിങ്ങല്‍ പോലീസ് ആണ്  കേസെടുത്തത്. 

ആറ്റിങ്ങലില്‍ പ്രസംഗിക്കവെ  വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. ബലാക്കോട്ട് ആക്രമണം കഴിഞ്ഞെത്തിയ ഇന്ത്യന്‍  സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുലും സീതാറാം യെച്ചൂരിയും പിണറായിയും ചോദിച്ചതിനെ ശ്രീധരന്‍പിള്ള വിമര്‍ശിച്ചിരുന്നു. അതിനെതിരെ ഇടതുപക്ഷം പരാതി നല്‍കി. ഇതിനെ തുടര്‍ന്നാണ്  കേസെടുത്തത്. 

കേസ് ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപക്വമായ നിലപാടാണ് സ്വീകരിക്കുന്നത്. ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ മാധ്യമങ്ങളോടാണ് പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വാഭാവികമായി ചെയ്യേണ്ട നടപടിയുടെ ഭാഗമായി വിശദീകരണം പോലും ചോദിക്കാതെയാണ് കേസെടുക്കുമെന്ന് പറയുന്നത്. മാധ്യമങ്ങളിലൂടെ വിചാരണ ചെയ്യുന്ന രീതി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദഹം പറഞ്ഞു.

ബിജെപി അധ്യക്ഷനെതിരെ കേസെടുത്ത് പ്രചാരണത്തില്‍ നിന്നും മാറ്റിനിര്‍ത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം കുല്‍സിത ശ്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ദേഹപരിശോധന എന്ന വാക്കിലൂടെ ചില മതങ്ങളെ അടിസ്ഥാനമാക്കിയാണെന്ന തരത്തില്‍ തെറ്റധാരണ പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലും പാക്കിസ്ഥാന്‍ നിയമത്തിലും മരിച്ചയാളിനെ തിരിച്ചറിയാനും മരണകാരണം അറിയുന്നതിനും മൃതദേഹ പരിശോധനയും (ഇന്‍ക്വസ്റ്റും) പോസ്റ്റുമോര്‍ട്ടവുമാണ് മാനദണ്ഡം. ഇക്കാര്യമാണ് ശ്രീധരന്‍പിള്ള അവിടെ പറഞ്ഞത്. ഇതില്‍ നിയമപരമായോ ധാര്‍മികമായോ യാതൊരു തെറ്റുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.