ശബരിമലയെ സംരക്ഷിക്കാന്‍ 8 ലക്ഷം ചൗക്കീദാര്‍മാരുണ്ട് : സെന്‍കുമാര്‍

Thursday 18 April 2019 4:43 pm IST

പത്തനംതിട്ട: ശബരിമലയെ സംരക്ഷിക്കണമെന്ന മനസ്സുള്ള എട്ട് ലക്ഷം ചൗക്കീര്‍ദാര്‍മാര്‍ (കാവല്‍ക്കാര്‍) പത്തനംതിട്ട മണ്ഡലത്തിലുണ്ടെന്ന് ശബരിമല ആക്ഷന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റും മുന്‍ ഡിജിപിയുമായ ടി.പി.സെന്‍കുമാര്‍. അവരുടെ വോട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ജയിക്കുമെന്നും സെന്‍കുമാര്‍ അറിയിച്ചു. പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശബരിമലയെ സംരക്ഷിക്കാന്‍ കെ.സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളാണ് പ്രവര്‍ത്തിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ വലിയ മാറ്റം ഉണ്ടാകാന്‍ പോകുകയാണ്. പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ ഇപ്പോഴും തയ്യാറല്ല. സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയായി പിണറായി മാറാന്‍ പോകുന്നു. 

തെരഞ്ഞെടുപ്പില്‍ മതം പറഞ്ഞോ ജാതി പറഞ്ഞോ വോട്ട് ചോദിക്കരുത്. പക്ഷേ, ശബരിമലയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങള്‍ ഓര്‍ക്കണം. പരാജയ ഭീതിമൂലം സിപിഎം തെരഞ്ഞെടുപ്പിനെ ഭയക്കുകയാണിപ്പോള്‍. ശബരിമല സ്ത്രീപ്രവേശനം സിപ്എമ്മിന്റെ തകര്‍ച്ചക്ക് കാരണമാകും. സിറ്റിങ് എംപിയുടേതായി യാതൊരു വികസന നേട്ടങ്ങളും മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല.

സിപിഎം ശബരിമലയെ ഭയക്കുന്നതുകൊണ്ടാണ് ശബരിമല കര്‍മ്മസമിതി സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിക്കുന്നത്. 

കര്‍മ്മസമിതിയുടെ ബോര്‍ഡുകള്‍ ചട്ട ലംഘനമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കണം. അല്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും. തിരുവനന്തപുരം മണ്ഡലത്തില്‍ അവിടെ കുമ്മനം രാജശേഖരന്‍  ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് സെന്‍കുമാര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.