ശബരിമല ശാന്തിമാര്‍ക്ക് പ്രത്യേക വോട്ട് അനുവദിക്കാനാവില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

Thursday 18 April 2019 5:15 pm IST

കൊച്ചി: ശബരിമല മേല്‍ശാന്തിമാര്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പുറപ്പെടാ ശാന്തിമാര്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷനോ പോസ്റ്റല്‍ വോട്ടോ അനുവദിച്ച് നല്‍കാന്‍ വ്യവസ്ഥയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാര്‍ പുറപ്പെടാ ശാന്തിമാര്‍ക്ക് വേണ്ടി ക്ഷത്രീയ ക്ഷേമ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മേല്‍ശാന്തിമാരോട് വിവേചനം കാണിച്ചിട്ടില്ല. തപാല്‍ വോട്ട് അനുവദിക്കാവുന്ന വിഭാഗങ്ങളില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ല. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക എന്നത് മൗലികാവകാശമല്ല, മറിച്ച് വ്യവസ്ഥകളാല്‍ നിയന്ത്രിക്കപ്പെടുന്ന ചട്ടപ്രകാരമുള്ള അവകാശമാണതെന്നും കമ്മീഷന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്.

കൂടാതെ, വോട്ടര്‍മാര്‍ക്ക് അവരുടെ പേരുചേര്‍ത്തിട്ടുള്ള പോളിങ് സ്റ്റേഷനില്‍ മാത്രമേ വോട്ടുചെയ്യാന്‍ നിയമം അനുവദിക്കുന്നുള്ളൂ. പ്രത്യേക വോട്ടര്‍മാര്‍, സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍, തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ളവര്‍, കരുതല്‍ തടങ്കലിലുള്ളവര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് ചട്ടപ്രകാരം തപാല്‍ വോട്ട് അനുവദിക്കാവുന്നത്.

അതേസമയം ഗുജറാത്തിലെ ഗിര്‍ വനത്തില്‍ ക്ഷേത്ര പുരോഹിതര്‍ക്കു വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം സൗകര്യം അനുവദിക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പോളിങ് സ്റ്റേഷനുകള്‍ അനുവദിക്കുന്നതിനും കൃത്യമായ വ്യവസ്ഥകളുണ്ട്.

വ്യക്തികള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള പോളിങ് സ്റ്റേഷനുകളില്‍ വോട്ട് രേഖപ്പെടുത്തണം എന്നാണു നിയമത്തില്‍ പറയുന്നത് എന്നും കമ്മിഷന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിശദമായ വാദം മെയ് അവസാനം ഹൈക്കോടതി പരിഗണിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.