വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകും: മോദി

Thursday 18 April 2019 9:40 pm IST
കേരളത്തിലെ ജനങ്ങള്‍ക്ക് ഒന്നും മനസ്സിലാകുന്നില്ലാ എന്നാണ് കോണ്‍ഗ്രസ്സും രാഹുലും കരുതുന്നത്. കേരളത്തില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യക്കു വേണ്ടിയാണെന്ന സന്ദേശം നല്‍കാനാണെങ്കില്‍ വയനാട്ടിനുപകരം തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിച്ച് സന്ദേശം നല്‍കാമായിരുന്നില്ലേ?

തിരുവനന്തപുരം: ആയിരക്കണക്കിന് വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസ പാരമ്പര്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കോടതിയിലും പാര്‍ലമെന്റിലും ഇതിനായി നിലപാടെടുക്കും. രാഷ്ട്രീയത്തിന്റെ പേരില്‍ വിശ്വാസവും ആചാരവും നശിപ്പിക്കാന്‍ ആരേയും അനുവദിക്കില്ല. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കാവല്‍ക്കാരനായി നിലകൊള്ളുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരത്ത് എന്‍ഡിഎ വിജയസങ്കല്‍പ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിശ്വാസ വിഷയത്തില്‍ കോണ്‍ഗ്രസിന് ദല്‍ഹിയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണ്. ഇത് ജനം തിരിച്ചറിയും. കേരളത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനങ്ങളോട് ബഹുമാനമില്ല. മനുഷ്യ ജീവനുകള്‍ക്കും വിശ്വാസങ്ങള്‍ക്കും അവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. പൂജാ കര്‍മ്മങ്ങള്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നമ്മുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ അവര്‍ക്ക് ഒരിക്കലും സാധിക്കില്ല. ഈശ്വരന്റെ പേര് പരാമര്‍ശിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്യുന്നു. ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് ഒന്നും മനസ്സിലാകുന്നില്ലാ എന്നാണ് കോണ്‍ഗ്രസ്സും രാഹുലും കരുതുന്നത്. കേരളത്തില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യക്കു വേണ്ടിയാണെന്ന സന്ദേശം നല്‍കാനാണെങ്കില്‍ വയനാട്ടിനുപകരം തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിച്ച് സന്ദേശം നല്‍കാമായിരുന്നില്ലേ? കോണ്‍ഗ്രസിന്റെ പ്രീണനം, കാഴ്ച്ചപാട്, ആശയം എന്നിവ രാജ്യവിരുദ്ധമാണ്. അമേഠിയിലെ വികസന കാഴ്ച്ചപ്പാടുമായാണ് രാഹുല്‍ കേരളത്തില്‍ വന്നിരിക്കുന്നത്. നമുക്ക് വിവരങ്ങള്‍ ലഭിക്കാന്‍ ഇന്റര്‍നെറ്റ് ഡാറ്റാ ചെലവ് കുറഞ്ഞരീതിയില്‍ ലഭ്യമാക്കുന്നതിനാല്‍ അമേഠിയിലെ വിവരങ്ങള്‍ ലഭിക്കാന്‍ അധികം പ്രയാസമില്ല. 

പ്രളയത്തില്‍ നാട് വിറങ്ങലിച്ചു നിന്നപ്പോള്‍ സ്വന്തം ജീവന്‍ പണയം വച്ച് സഹജീവികളെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച മത്സ്യത്തൊഴിലാളികളാണ് നമ്മുടെ നാടിന്റെ കാവല്‍ക്കാരെന്ന് പ്രധാനമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയും ശാക്തീകരണത്തിന് വേണ്ടിയും നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് വേണ്ടിയാണ് അവര്‍ക്കായി ഒരു വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചത്. കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായക്കാര്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ 10 ശതമാനം സംവരണം നല്‍കി. എന്നാല്‍ ആരുടെയും അവകാശങ്ങള്‍ തട്ടിയെടുത്തുകൊണ്ടല്ല അത് സാധ്യമാക്കിയത്. സാമൂഹ്യ പശ്ചാത്തല വികസനവും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടുവരികയാണ്, പ്രധാനമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.