സ്വാമി ചിദാനന്ദപുരിക്കും ആശ്രമത്തിനും എതിരെയുള്ള സിപിഎം നീക്കം പ്രതിഷേധാര്‍ഹം: ആര്‍എസ്എസ്

Thursday 18 April 2019 1:18 am IST

കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ സ്വാമി ചിദാനന്ദപുരിക്കെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തുന്ന അധിക്ഷേപങ്ങളും ആരോപണങ്ങളും അത്യന്തം ഹീനവും അങ്ങേയറ്റം അപലപനീയവുമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. ഹൈന്ദവ ജനതയേയും അവരുടെ ആത്മീയാചാര്യന്മാരേയും നിന്ദിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തരംതാണ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

ഹിന്ദു ആചാരങ്ങളും ധാര്‍മ്മിക ചിന്തകളും വികൃതവും വികലവുമാക്കി നശിപ്പിക്കാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ആസൂത്രിത നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന സ്വാമിജിയെ ഏതു രീതിയിലും അപകീര്‍ത്തിപ്പെടുത്തി ഉന്മൂലനം ചെയ്യുകയാണവരുടെ ഉദ്ദേശ്യം. പവിത്രമായ ആശ്രമാന്തരീക്ഷത്തെ കളങ്കപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി നെറികെട്ട പ്രചാരണങ്ങള്‍ നടത്തുന്ന പാര്‍ട്ടി സ്വയം നാശത്തിനുള്ള പദ്ധതി തയ്യാറാക്കുകയാണെന്ന് തിരിച്ചറിയുന്നത് നല്ലതാണ്. ആശ്രമപ്രാന്തങ്ങളിലെ പല കമ്മ്യൂണിസ്റ്റ് കുടുംബങ്ങളും ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ക്കാര്‍ക്കും സ്വാമിജി വര്‍ഗീയവാദിയോ ഏകപക്ഷീയമായ രാഷ്ട്രീയ മുഖത്തിന്റെ ഉടമയോ ആണെന്ന അനുഭവമുണ്ടായിട്ടില്ല. ഇതര മതാനുയായിയായ പ്രാദേശിക ജനപ്രതിനിധിയുടെ സാമീപ്യവും സഹകരണവും ആശ്രമകാര്യങ്ങളില്‍ സദാ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നതു തന്നെ ആശ്രമത്തിന്റെയും സ്വാമിജിയുടെയും മഹനീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്.

ഏതൊരാള്‍ക്കും ഏതു സമയത്തും കടന്നുചെല്ലാവുന്ന സ്ഥാപനമാണ് അദ്വൈതാശ്രമം. അവിടം അക്രമികളുടെ കേന്ദ്രമാണെന്നും ഒളിത്താവളമാണെന്നുമുള്ള മാര്‍ക്‌സിസ്റ്റ് ജല്‍പ്പനങ്ങള്‍ ആശ്രമവിശ്വാസികളും സ്വാമിയെ അടുത്തറിയാവുന്നവരും അവജ്ഞയോടെ തള്ളിക്കളയും. ആത്മീയതയും ഹിന്ദു തത്വചിന്തകളും ജീവിതത്തില്‍ തൊട്ടുതീണ്ടാത്തവര്‍ ആത്മീയാചാര്യന്മാരേക്കുറിച്ചും ധര്‍മ്മസ്ഥാപനങ്ങളെക്കുറിച്ചും സാസാരിക്കുന്നത് രാഷ്ട്രീയ ഗൂഢോദ്ദേശ്യങ്ങളോടെയാണ്. ആശ്രമത്തിനും സ്വാമിജിക്കുമെതിരെയുള്ള ഒരു നീക്കവും ഉണര്‍ന്നെണീറ്റ ഹിന്ദുസമൂഹം അംഗീകരിക്കുകയും അനുവദിക്കുകയുമില്ലെന്ന് മാര്‍ക്‌സിസ്റ്റ് നേതാക്കളേയും സര്‍ക്കാരിനെയും ഈയവസരത്തില്‍ ഓര്‍മ്മപ്പെടുത്തുകയാണ്. 

ഹൈന്ദവാചാര്യന്മാരെയും ആശ്രമങ്ങളേയും അധിക്ഷേപിച്ചും അക്രമിച്ചും ഇല്ലാതാക്കാമെന്നും, ഇതിലൂടെ ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുകയോ ആത്മവീര്യം കെടുത്തുകയോ ചെയ്യാമെന്നുമുള്ള വ്യാമോഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. മഹത്തായ ഒരു വിസ്തൃതരാജ്യത്തിന്റെ തെക്കേ കോണിലേക്ക് ഒതുക്കപ്പെട്ട മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരമഗീതം രചിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഉണര്‍ന്നെഴുന്നേറ്റ ഹൈന്ദവ ധാര്‍മ്മിക ശക്തിയുടെ മുന്നില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലെന്നു കൂടി അവരെ ഓര്‍മ്മപ്പെടുത്തുന്നു. ആദ്ധ്യാത്മിക സംസ്‌കാരത്തെയും ആചാര്യന്മാരേയും അധിക്ഷേപിക്കുന്ന ഈ കിരാതവാഴ്ചക്കും ധാര്‍ഷ്ട്യത്തിനുമെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്നും രാഷ്ട്രീയ സ്വയംസേവകസംഘം മുഴുവന്‍ ഹിന്ദു സമൂഹത്തോടും അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.