ബംഗാളില്‍ വ്യാപക അക്രമം; ബിജെപി പ്രവര്‍ത്തകനെ തൃണമൂലുകാര്‍ കൊന്ന് കെട്ടിത്തൂക്കി

Friday 19 April 2019 2:52 am IST

ന്യൂദല്‍ഹി: രണ്ടാംഘട്ട പോളിങ്ങിനിടെ തൃണമൂല്‍  പ്രവര്‍ത്തകരുടെ നേൃത്വത്തില്‍ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമങ്ങള്‍. പുരുൡയയിലെ സെനബോന ഗ്രാമത്തില്‍ ബിജെപി പ്രവര്‍ത്തകനെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. സിപിഎം നേതാവും റായ്ഗഞ്ചിലെ സ്ഥാനാര്‍ഥിയുമായ മുഹമ്മദ് സലീമിനെതിരെ തൃണമൂല്‍ ഗുണ്ടകള്‍ വെടിയുതിര്‍ത്തു.

രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 95 മണ്ഡലങ്ങളില്‍ 61.12 ശതമാനമാണ് പോളിങ്ങ് രേഖപ്പെടുത്തിയത്. വൈകിട്ട് അഞ്ചു മണി വരെയുള്ള കണക്കാണിത്. വ്യാപക അക്രമങ്ങള്‍ നടന്ന ബംഗാളിലാണ് ഏറ്റവുമധികം പോളിങ്ങ് നടന്നത്. 75.27 ശതമാനമാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ വോട്ടിങ്ങ് നില. 

 ബംഗാളിലെ നിരവധി ഗ്രാമങ്ങളിലെ ബൂത്തുകള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ കയ്യേറി വോട്ട് രേഖപ്പെടുത്തി. ചോപ്രയില്‍ പോളിങ്ങ് ബൂത്ത് തൃണമൂലുകാര്‍ ആക്രമിച്ചു തകര്‍ത്തു. അക്രമങ്ങള്‍ നടന്ന ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. 

പശ്ചിമ ബംഗാളിലെ ഒരു ബൂത്തില്‍ ഹിന്ദുക്കളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റായ്ഗഞ്ചിലെ ഒരു മുസ്ലിം ഭൂരിപക്ഷ ബൂത്തിലാണ് സംഭവം. മുസ്ലിങ്ങള്‍ മാത്രം വോട്ട് ചെയ്താല്‍ മതിയെന്ന് പറഞ്ഞ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ഹിന്ദുക്കളെ പോളിങ്ങ് ബൂത്തില്‍ നിന്ന് ഓടിച്ചു വിട്ടെന്നും വോട്ടര്‍മാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ ബംഗാളിലെ ദംദമില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി റോഡ് ഷോ നടത്തിയ ബംഗ്ലാദേശി നടന്‍ ഗാസി അബ്ദുള്‍ നൂറിനോട് എത്രയും വേഗം രാജ്യം വിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. തൃണമൂലിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിറങ്ങിയ മറ്റൊരു ബംഗ്ലാദേശി നടന്‍ ഫിര്‍ദൗസ് അഹമ്മദിനോടും എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഡൗഗ, മഥുരയില്‍ ഹേമമാലിനി, കശ്മീരില്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ ഇന്നലെ ജനവിധി തേടി. തമിഴ്‌നാട്ടിലെ 38 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 61.52 ശതമാനമാണ് പോളിങ്ങ്. യുപിയിലെ അഞ്ചു മണ്ഡലങ്ങളില്‍ 58.12 ശതമാനമാണ് പോളിങ്ങ്. യുപിയിലെ അമഹോറ മണ്ഡലത്തില്‍ ബുര്‍ഖ ധരിച്ച് പുരുഷന്മാര്‍ കള്ളവോട്ട് നടത്താന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.