സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഉരുള്‍പൊട്ടലിന് സാധ്യത

Friday 19 April 2019 8:53 am IST

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ചൂടിന് ആശ്വസം നല്‍കിയെത്തിയ മഴ വരും ദിവസങ്ങളില്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുണ്ടായേക്കാമെന്നും ശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.

പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനിടെ മിക്ക ജില്ലകളിലും മഴ കിട്ടിയത് ചൂടിന് ആശ്വാസമായുിട്ടുണ്ട്.

നാല്‍പ്പത് ഡിഗ്രിയിലെത്തിയ ചൂട് പല ജില്ലകളിലും കുറഞ്ഞുതുടങ്ങി. വരും ദിവസങ്ങളിലും മഴ ലഭിക്കുന്നത് ചൂട് കുറക്കുമെന്നും കാലവര്‍ഷത്തില്‍ കുറവുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.