അമ്മയുടെ ക്രൂരമര്‍ദ്ദനമേറ്റ കുഞ്ഞ് മരണത്തിന് കീഴടങ്ങി

Friday 19 April 2019 10:09 am IST

കൊച്ചി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് ഏഴ് വയസുകാരന്‍ മരിച്ചതിന് പിന്നാലെ മറ്റൊരു കുരുന്നിനുകൂടി ദാരുണ അന്ത്യം. അമ്മയുടെ ക്രൂരമര്‍ദനമേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നുവയസ്സുകാരന്‍ മരിച്ചു. ഇന്നലെ രാവിലെ പത്തോടെ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. തലച്ചോറിന്റെ വലത് ഭാഗത്തേറ്റ പരിക്കാണ് മരണകാരണം. ബുധനാഴ്ച വൈകീട്ടാണ് കുട്ടിയെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷണം നല്‍കുമ്പോള്‍ അടുക്കളയുടെ സ്ലാബില്‍ നിന്ന് വീണ് കുട്ടിയുടെ ബോധം പോയെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരമാണ് രാജഗിരിയിലേക്ക് മാറ്റിയത്. മസ്തിഷ്‌കത്തിലെ രക്തസ്രാവം ഒഴിവാക്കുന്നതിനായി മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് രക്തസ്രാവം നിയന്ത്രിച്ചെങ്കിലും സ്ഥിതി ഗുരുതരമാകുകയായിരുന്നു. തലച്ചോറിലെ വലതു ഭാഗത്തേറ്റ പരിക്കായിരുന്നു ഗുരുതരം. 

തലച്ചോറിന്റെ പ്രവര്‍ത്തനവും സൂഷ്മ നിരീക്ഷണത്തിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങള്‍ ഏകോപിച്ചായിരുന്നു കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയത്. ചികിത്സാ ചെലവ് സാമൂഹ്യ ക്ഷേമവകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു. 

കുട്ടിയുടെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. പ്രാഥമിക അന്വേഷണത്തില്‍ കുട്ടി ഇവരുടേതല്ലെന്ന സംശയംമൂലമാണ് ഡിഎന്‍എ പരിശോധന നടത്താന്‍ പോലീസ് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി ഝാര്‍ഖണ്ഡ് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ഝാര്‍ഖണ്ഡ് സ്വദേശി കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞിന് മര്‍ദനമേറ്റ സമയത്ത് താന്‍ ഉറക്കമായിരുന്നെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. സംഭവത്തിന് ശേഷം മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ അമ്മ കുറ്റം സമ്മതിച്ചത്. ഇവരെ ഇന്നലെ തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.