പോലീസ് കസ്റ്റഡിയിലുള്ളയാളെ കോണ്‍ഗ്രസ് നേതാവ് സ്‌റ്റേഷനിലെത്തി മര്‍ദ്ദിച്ചു

Friday 19 April 2019 12:15 pm IST

അഗര്‍ത്തല: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ത്രിപുര കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റേഷനിലെത്തി മര്‍ദ്ദിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രദ്യോത് കിഷോര്‍ ദേബാണ് ക്വവായ് പോലീസ് സ്റ്റേഷനിലെത്തി കസ്റ്റഡിയിലുളള യുവാവിന്റെ മുഖത്തടിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ ത്രിപുരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ ദേബ് ബര്‍മന്റെ വാഹനവ്യൂഹത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ പ്രഗ്യാ ദേബ് ബര്‍മന്റെ സഹോദരന്‍ കൂടിയായ പ്രദ്യോത് യുവാവിന്റെ മുഖത്തടിക്കുകയും ആക്രോശിക്കുകയുമായിരുന്നു. ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി)യുടെ പ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസ് നേതാവ് മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവം പുറത്തായതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പരുങ്ങലിലായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇത് വോട്ടിന്റെ എണ്ണത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് അവര്‍.

തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രദ്യോത് കിഷോര്‍ ദേബിനെ പിസിസി അധ്യക്ഷനായി നിയമിച്ചത്. ത്രിപുരയിലെ അവസാന രാജാവ് മഹാരാജ ബീര്‍ ബിക്രം കിഷോര്‍ പ്രദ്യോതിന്റെ കൊച്ചുമകന്‍ കൂടിയാണ് ഇയാള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.