കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായി മാത്രം കണ്ടു: ടോം വടക്കന്‍

Friday 19 April 2019 12:44 pm IST
കോണ്‍ഗ്രസ് നേതാവായ നവ്ജോത് സിങ് സിദ്ദുവിന്റെ വര്‍ഗ്ഗീയ പരാമര്‍ശം രാഹുലിന്റെ അനുവാദത്തോടെ ആണോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും വടക്കന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് വോട്ട് ബാങ്കായി മാത്രമാണ് കണ്ടതെന്നും അവരുടെ വികസനത്തിനായി ഭരണത്തിലുള്ളപ്പോള്‍ പാര്‍ട്ടി ഒന്നും ചെയ്തില്ലെന്നും ബിജെപി നേതാവ് ടോം വടക്കന്‍. ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി വര്‍ഷങ്ങളോളം ഭരണത്തിലിരുന്ന രാഹുലിന്റെ കുടുംബത്തിന്റെ സംഭാവന എന്താണെന്ന് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ ദയനീയ സ്ഥിതി രാഹുലിന് വ്യക്തമാകും.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ എന്തുതരം മതേതരത്വമാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നതെന്നും എന്‍ഡിഎ ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. എഐസിസി സെക്രട്ടറിയായിരുന്ന വടക്കന്‍ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. 

കോണ്‍ഗ്രസ് നേതാവായ നവ്ജോത് സിങ് സിദ്ദുവിന്റെ വര്‍ഗ്ഗീയ പരാമര്‍ശം രാഹുലിന്റെ അനുവാദത്തോടെ ആണോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും വടക്കന്‍ ആവശ്യപ്പെട്ടു. 

മുസ്ലിങ്ങള്‍ മോദിക്കെതിരെ വോട്ട് ചെയ്യണമെന്ന് പഞ്ചാബിലെ മന്ത്രി കൂടിയായ സിദ്ദു ആവശ്യപ്പെട്ടിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. സിദ്ദുവിന്റെ അതേ അഭിപ്രായമാമോ രാഹുലിനുമുള്ളത്. വയനാട് മത്സരിക്കാന്‍ തെരഞ്ഞെടുത്തത് ഏതെങ്കിലും വിഭാഗത്തിന്റെ ഉറപ്പു ലഭിച്ചതിനാലാണോയെന്ന് രാഹുല്‍ വ്യക്തമാക്കണം. 

ദക്ഷിണേന്ത്യയില്‍ മത്സരിക്കാനാണെങ്കില്‍ എന്തുകൊണ്ടാണ് തലസ്ഥാനമായ തിരുവനന്തപുരം തെരഞ്ഞെടുക്കാതിരുന്നത്. സ്ഥാനമാനങ്ങളോ സ്ഥാനാര്‍ത്ഥിത്വമോ ആഗ്രഹിക്കാതെയാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് താന്‍. 

കോണ്‍ഗ്രസ്സിനോട് തൃശൂര്‍ സീറ്റ് ആവശ്യപ്പെട്ടുവെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം ശരിയല്ല. ആരോപണത്തിന് തെളിവ് ഹാജരാക്കാന്‍ മുല്ലപ്പള്ളി തയ്യാറാകണം. മുമ്പ് തൃശൂരില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അന്നത്തെ പ്രതികൂല സാഹചര്യത്തോടെ ഇനി മത്സരിക്കാനില്ലെന്ന് തീരുമാനിച്ചതാണ്. മുല്ലപ്പള്ളിയെ ഈ ആവശ്യം പറഞ്ഞ് ഒരു തവണ പോലും വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന വലിയ പ്രചാരണം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നു. ഇത് തെറ്റാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് തന്നെപ്പോലുള്ളവരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.