വായുമലിനീകരണം കുറഞ്ഞൂ; ഉജ്ജ്വല പദ്ധതി രക്ഷിക്കുന്നത് 2.7 ലക്ഷം പേരുടെ ജീവന്‍

Friday 19 April 2019 12:53 pm IST

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഉജ്ജ്വല, ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാമീണ്‍ ജ്യോതി യോജന പദ്ധതികള്‍ മലിനീകരണത്തിന്റെ തോത് കുറച്ചതായും പ്രതിവര്‍ഷം 2.7 ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഐഐടി ദല്‍ഹിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 

വീടുകളിലെ വായു മലിനീകരണം പൂര്‍ണമായി ഇല്ലാതായാല്‍ 18.7 കോടി ജനങ്ങള്‍ക്ക് കൂടി ഗുണനിലവാരമുള്ള വായു ശ്വസിക്കാനാകുമെന്ന് പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിലെ 98 ശതമാനം ശിശുക്കളും സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്.

ഗാര്‍ഹികാവശ്യങ്ങള്‍ക്ക് കല്‍ക്കരി, വിറക്, മണ്ണെണ്ണ എന്നിവ ഉപയോഗിക്കുന്ന വികസ്വര രാജ്യങ്ങളില്‍ വായു മലിനീകരണത്തിന്റെ ലക്ഷണങ്ങള്‍ സാധാരണമാണ്.  സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍- 2019 പഠന പ്രകാരം 2017 വരെ 60 ശതമാനം ഇന്ത്യക്കാരെയും വീടുകളിലെ വായു മലിനീകരണം ബാധിച്ചിരുന്നു. 

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 8 കോടി ജനങ്ങള്‍ക്ക്  2019 ഓടെ എല്‍പിജി വിതരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2016 കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന, 2019 ജനുവരിയോടെ ഇതില്‍ 75 ശതമാനം പേര്‍ക്കും എല്‍പിജി കണക്ഷന്‍ നല്‍കി. മലിനീകരണത്തിന് കാരണമാകുന്ന മറ്റ് ഇന്ധനങ്ങള്‍ വീടുകളില്‍ ഉപയോഗിക്കുന്നതില്‍ നിന്ന് എല്‍പിജി ഉപയോഗം ജനങ്ങളെ പിന്തിരിക്കുന്നു. 

2018 ഓടെ ഗ്രാമീണ മേഖലയില്‍ പൂര്‍ണ വൈദ്യുതീകരണം ലക്ഷ്യമിട്ട് 2014ല്‍ ആരംഭിച്ച പദ്ധതിയാണ് ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാമീണ്‍ ജ്യോതി യോജന. വെളിച്ചത്തിനായി മണ്ണെണ്ണയുടെ ഉപയോഗം ഇല്ലാതാക്കുന്നതോടെ മലിനീകരണത്തിന്റെ തോതിലും കുറവ് ഉണ്ടാകുന്നു. രണ്ടു പദ്ധതികളും മലിനീകരണം കുറയ്ക്കുന്നതില്‍ മൂന്ന് വിധത്തിലാണ് ഗുണം ചെയ്യുന്നത്. 

വീടുകളില്‍ നിന്നുള്ള മലിന വായു ഇല്ലാതാകുന്നതോടെ വീട്ടിലുള്ളവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നു. മലിനീകരണം വ്യാപിക്കുന്നത് തടയുന്നതോടെ പുറത്തെ വായുവിന്റെ ഗുണനിലവാരം ഉയരുന്നു. വിടിനുള്ളിലും പുറത്തുമുള്ള മലിനീകരണം ഇല്ലാതാകുന്നതോടെ ഇതു വരുത്തിവെക്കുന്ന എല്ലാ ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാകുന്നു. ഗവേഷകരില്‍ ഒരാളായ സാഗ്നിക് ഡേ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.