ശത്രുവിന് പാര്‍ട്ടിയല്ല; വലുത് ഭാര്യ തന്നെ

Friday 19 April 2019 1:52 pm IST

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവും മുന്‍ചലച്ചിത്ര താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് വലുത് ഭാര്യ പൂനം സിന്‍ഹ തന്നെ; പാര്‍ട്ടിയല്ല. അങ്ങനെ പറയാന്‍ കാരണവുമുണ്ട്.ബീഹാറിലെ പട്‌ന സാഹിബില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കുന്ന ശത്രുവിന്റെ ഭാര്യ കഴിഞ്ഞ ദിവസമാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ചേര്‍ന്നയുടന്‍ തന്നെ പാര്‍ട്ടി അവര്‍ക്ക് മല്‍സരിക്കാന്‍ മണ്ഡലവും നല്‍കി, ലഖ്‌നൗ. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെ.

കഴിഞ്ഞ ദിവസം നടന്ന സമാജ്‌വാദി പാര്‍ട്ടി പരിപാടിയിലും ഭാര്യ പൂനത്തിന്റെ റോഡ് ഷോയിലും ശത്രു പങ്കെടുക്കുകയും  പ്രസംഗിക്കുകയും പൂനത്തിനു വേണ്ടി വോട്ട് തേടുകയും ചെയ്തു. പക്ഷെ ഇത് കോണ്‍ഗ്രസില്‍ വലിയ വിവാദമായി. ലഖ്‌നൗവില്‍ കോണ്‍ഗ്രസിന് സ്വന്തം സ്ഥാനാര്‍ഥിയുണ്ട്, ആചാര്യ പ്രമോദ് കൃഷ്ണന്‍.  പൂനം മല്‍സരിക്കുന്നതും കോണ്‍ഗ്രസുകാരനായ ശത്രുഘ്‌നന്‍  വോട്ട് തേടുന്നതും ഫലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് എതിരെ കൂടിയാണ്. ശത്രുവിന് പാര്‍ട്ടിയേക്കാള്‍ വലുത് ഭാര്യയാണെന്ന് കോണ്‍ഗ്രസിലും ആക്ഷേപം ശക്തമായിട്ടുണ്ട്. 

കോണ്‍ഗ്രസുകാരനായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിനിറങ്ങണം,  പാര്‍ട്ടിയംഗത്തിന്റെ ധര്‍മ്മം പാലിക്കണം. സ്വാമി കൂടിയായ ആചാര്യ പ്രമോദ് കൃഷ്ണന്‍ പറയുന്നു. സമാജ്‌വാദ് പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ പങ്കെടുത്തത് യുപിയിലെ കോണ്‍ഗ്രസ് നേതാക്കളെയും അസ്വസ്ഥരാക്കി. 

നമ്മുടെ സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോഴും റോഡ് ഷോയില്‍ ശത്രുഘ്‌നന്‍ സിന്‍ഹ പങ്കെടുക്കുമോ? അവര്‍ ചോദിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തും. അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗവും സ്ഥാനാര്‍ഥിയുമായി ഇരുന്നുകൊണ്ട് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് സഹിക്കാനാവില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.