കേരളത്തിൽ സുരക്ഷ ഇല്ലാതെ കഴിയുന്നത് 12 ലക്ഷം കുട്ടികൾ

Friday 19 April 2019 2:19 pm IST

തിരുവനന്തപുരം : കേരളത്തില്‍  12 ലക്ഷത്തോളം കുടുംബങ്ങളില്‍ കുട്ടികളില്‍ സുരക്ഷിതരല്ല. സസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പ്  നടത്തിയ സര്‍വ്വേയിലാണ് കേരളത്തെ നാണിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്. സംസ്ഥാനത്തെ 11,72,433 കുടുംബങ്ങളില്‍ കുട്ടികള്‍ക്കു സുരക്ഷയില്ലെന്നും അവര്‍ക്കു നേരെ വിവിധ അതിക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി.

കുട്ടികള്‍ക്കു നേരെ അതിക്രമങ്ങള്‍ക്കു സാധ്യതയുള്ള ഏറ്റവുമധികം കുടുംബങ്ങള്‍ തിരുവനന്തപുരത്താണ്. രണ്ടാം സ്ഥാനത്ത് എറണാകുളമാണ്.  6 വര്‍ഷം മുന്‍പ്, ഇടുക്കിയില്‍ അച്ഛന്റെയും വളര്‍ത്തമ്മയുടെയും ക്രൂരമര്‍ദനത്തിനു 10 വയസ്സുകാരന്‍ ഇരയായതിനെ തുടര്‍ന്നു സര്‍ക്കാര്‍ നിയമിച്ച ഷഫീക് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ അധികരിച്ചാണു സര്‍വേ നടത്തിയത്. അങ്കണവാടി ജീവനക്കാര്‍ വീടുതോറും നടത്തുന്ന വാര്‍ഷിക സര്‍വേയുടെ ഭാഗമായാണു വിവരങ്ങള്‍ ശേഖരിച്ചത്. 

വളര്‍ത്തുമാതാപിതാക്കള്‍, മനോദൗര്‍ബല്യമുള്ളവര്‍ അല്ലെങ്കില്‍ മദ്യപരായ മാതാപിതാക്കള്‍ എന്നിവരുള്ള കുടുംബങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ള കുടുംബങ്ങള്‍, സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള കുടുംബങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണു കൂടുതല്‍ അരക്ഷിതാവസ്ഥ. അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളില്‍ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.  

മദ്യപരായ മാതാപിതാക്കളുള്ള 94,685 കുടുംബങ്ങളാണു സംസ്ഥാനത്തുള്ളത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലും വലിയ വര്‍ദ്ധനയുണ്ടായി. മദ്യത്തിന്റെ ലഭ്യത കൂടിയതും സ്ഥിതിഗതികള്‍ മോശമാക്കി. മദ്യ ലഭ്യത കുറക്കുമെന്ന വാഗ്ദാന മറന്ന സര്‍ക്കാര്‍ കേരളത്തില്‍ കൂടുതല്‍ ബാറുകള്‍ അനുവദിച്ചു. കുടുംബനാഥന്മാരില്‍ മദ്യാപന ശീലം കൂടിയതും കുട്ടികള്‍ക്കെതിരാ പീഡനം കൂടുന്നതിന് കാരണമായെന്നും വിമര്‍ശനമുണ്ട്. 

ഷഫീക് കമ്മിറ്റി റിപ്പോര്‍ട്ടും സര്‍വേയിലെ കണ്ടെത്തലുകളും ആധാരമാക്കി, കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നു വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. കുട്ടികളെ സംരക്ഷിക്കാൻ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ കർമപദ്ദതി തയാറാക്കും. ഇതിനായി ഈ മാസം 27ന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.