കോൺഗ്രസ് വിട്ട പ്രിയങ്ക ശിവസേനയില്‍

Friday 19 April 2019 2:49 pm IST

ന്യൂദൽഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. ശിവസേന സ്ത്രീകളെയും കുട്ടികളെയും അംഗീകരിക്കുന്ന പാര്‍ട്ടിയാണന്ന് പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് ശരിക്കും തന്നെ അപമാനിച്ചെന്നും അവഹേളനം സഹിക്കാനാവുന്നതല്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 

ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ മധോശ്രീയിലെത്തി സന്ദര്‍ശിച്ചതിനു ശേഷമാണ് പ്രിയങ്ക ഔദ്യോഗികമായി ശിവസേനയില്‍ ചേര്‍ന്നത്. ശിവസേനയിലേക്ക് സ്വാഗതം ചെയ്തതിന് അവര്‍ ഉദ്ധവ് താക്കറേയ്ക്കും ആദിത്യ താക്കറേയ്ക്കും നന്ദി പറഞ്ഞു. രാജ്യത്തിനു വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനെതിരെ വന്ന ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ച പ്രവര്‍ത്തകയായിരുന്നു പ്രിയങ്കയെന്ന് ഉദ്ധവ് പറഞ്ഞു. പ്രിയങ്ക ശിവസേനയില്‍ ചേര്‍ന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിപരിപാടിക്കിടെ തന്നെ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത് നേതാക്കളെ കോണ്‍ഗ്രസ് സംരക്ഷിച്ചുവെന്നാരോപിച്ചാണ് പ്രിയങ്ക പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസില്‍ കഷ്ടപ്പെടുന്നവര്‍ക്കല്ല ഗുണ്ടകള്‍ക്കാണ് സ്ഥാനമുള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രിയങ്കയെ അപമാനിച്ചവരെ ആദ്യം പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

പാര്‍ട്ടിക്ക് വേണ്ടി ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതില്‍ കടുത്ത ദു:ഖമുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നത് സങ്കടകരമാണെന്നും പ്രിയങ്ക ചതുര്‍വേദി കുറിച്ചു. 

രാജിക്കത്തിന്‍റെ പൂര്‍ണ രൂപം

അത്യന്തം ഹൃദയവേദനയോടെയാണ് ഞാന്‍ ഈ രാജി കത്ത് എഴുതുന്നത്. 10 വര്‍ഷം മുമ്ബ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിലും തുറന്നതും വികസനോത്മുഖവുമായ രാഷ്ട്രീയ സമീപനത്തിലും ആകൃഷ്ടയായാണ് ഞാന്‍ യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്നത്. ഇക്കഴിഞ്ഞ 10 വര്‍ഷക്കാലവും പൊതു/ രാഷ്ട്രീയ ഇടങ്ങളെ പഠിക്കാനും വളരാനുമുള്ള നിരവധി അവസരം പാര്‍ട്ടി എനിക്ക് നല്‍കി. എന്നിലേല്‍പ്പിച്ച കര്‍ത്തവ്യം ഭംഗിയായും ഉത്തരവാദിത്തോടെയും 100 ശതമാനം അര്‍പ്പണബോധത്തോടെ നിറവേറ്റിയെന്നാണ് എന്‍റെ വിശ്വാസം. വിവിധ അവസരങ്ങളില്‍ ഞാന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചു. പാര്‍ട്ടി ശോഷിച്ച ഇടങ്ങളില്‍ പോലും. 

പാര്‍ട്ടിയില്‍ ഞാന്‍ പ്രവര്‍ത്തിച്ച കാലത്ത് എന്‍റെ ജീവന് ഭീഷണി നേരിട്ടതും എന്‍റെ കുട്ടികള്‍ക്ക് നേരെയും കുടുംബത്തിന് നേരെയും അധിക്ഷേപങ്ങള്‍ നേരിട്ടതും ഞാന്‍ നിങ്ങളെ ഇപ്പോള്‍ ഓര്‍മപ്പെടുത്തുന്നില്ല. എന്‍റെ പ്രവര്‍ത്തനത്തിന് പ്രതിഫലമായി പാര്‍ട്ടി എനിക്ക് എന്ത് നല്‍കിയെന്നും ഞാന്‍ ചോദിക്കുന്നില്ല.

പക്ഷേ, കഴിഞ്ഞ കുറച്ചാഴ്ചകളായി എന്‍റെ സേവനം പാര്‍ട്ടിക്ക് മൂല്യവത്തല്ലെന്ന് എനിക്ക് ബോധ്യപ്പെടുകയാണ്. ഇനിയും പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ അതെന്‍റെ മാന്യതക്കും സ്വാഭിമാനത്തിനും നല്‍കേണ്ട വിലയാകും. 

സ്ത്രീകളുടെ സുരക്ഷ, ശാക്തീകരണം അന്തസ് എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ പോരാടുമെന്ന് പറയുമ്ബോഴും പാര്‍ട്ടിക്കകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സമയത്ത് ചില പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് എനിക്കെതിരെ മോശം പെരുമാറ്റമുണ്ടായപ്പോള്‍ ര്‍ട്ടി എന്നെ തീര്‍ത്തും അവഗണിച്ചു.

ഈ സംഭവമാണ് ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തില്‍ എന്നെ എത്തിച്ചത്. 

എല്ലാവര്‍ക്കും ആശംസകള്‍ നേരുകയാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും എനിക്ക് അവസരങ്ങള്‍ നല്‍കിയവര്‍ക്കും. എന്നെ സ്നേഹിച്ച, എനിക്കൊപ്പം നിന്ന, എനിക്ക് പ്രചോദനമായ എല്ലാവര്‍ക്കും നന്ദി പറയുന്നു. 

എന്‍റെ രാജി സ്വീകരിക്കണമെന്നും പാര്‍ട്ടി എന്നില്‍ നിക്ഷിപ്തമാക്കിയ എല്ലാ ചുമതലകളില്‍നിന്നും എത്രയും വേഗം ഒഴിവാക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.

എന്ന്, 

പ്രിയങ്ക ചതുര്‍വേദി 

എഐസിസി വക്താവ്, കമ്മ്യൂണിക്കേഷന്‍ കണ്‍വീനര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.