തനിക്കെതിരെ കേസെടുത്തതിന് പിന്നില്‍ സിപിഎം ഗൂഢാലോചന: ശ്രീധരന്‍ പിള്ള

Friday 19 April 2019 3:10 pm IST

കോഴിക്കോട്: ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെയും സിപിഎം നേതാക്കളുടെയും ചില ഉദ്യോഗസ്ഥരരുടെയും ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തന്റെ പ്രസംഗത്തില്‍ ന്യൂനപക്ഷ സമുദായത്തിനെതിരെ ഒരു വാക്ക് പറഞ്ഞിട്ടില്ല. 153ാം വകുപ്പ് കോടതിയില്‍ തെളിയിച്ചാല്‍ തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പി.എസ്. ശ്രീധരന്‍പിള്ള കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ദൈവത്തിന്റെ മുന്നിലും കോടതിക്ക് മുന്നിലും കുറ്റക്കാരനാവില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. പൊതുപ്രസംഗത്തനിടെയാണ് തന്റെ പരാമര്‍ശം. അതില്‍ മതസ്പര്‍ധയുണ്ടാക്കുന്ന ഒരുവാക്ക് പോലും കാണിക്കാനാവില്ല. തനിക്കെതിരെ കേസുകൊടുക്കുന്നതിന് മുന്‍പായി ഒരു തവണയെങ്കിലും ആ പ്രസംഗം കേള്‍ക്കാന്‍ സിപിഎം നേതാവ് തയ്യാറാകണമായിരുന്നു. ഇതിലൂടെ രണ്ട് വോട്ടുകള്‍ അധികം നേടാനാണ് ഇരുമുന്നണികളുടെയും ശ്രമമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

സിപിഎമ്മിനോട് രണ്ട് കാര്യമാണ് പറയാനുള്ളത്. ഒരു പൊതുപ്രവര്‍ത്തകനെ അപമാനിക്കുന്നതിനായി, രാഷ്ട്രീയ വൈരാഗ്യത്തോടെ കേസ് കൊടുത്ത മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടി കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാകുമോ. തനിക്കെതിരെ കേസ് കൊടുത്തതിന് സിപിഎം പൊതു സമൂഹത്തോട് മാപ്പുപറയാന്‍ തയ്യാറാവണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തില്‍ ബിജെപിക്ക് അനകൂലമായ വലിയ ജനമുന്നേറ്റമാണുള്ളത്. മോദി നയിക്കുന്ന യാത്രാസംഘത്തോടൊപ്പം അണിചേരാന്‍ കേരളം തയ്യാറായി എന്നതാണ് അത് വ്യക്തമാക്കുന്നത്. ഒരു തെരഞ്ഞടുപ്പിലും കേരളത്തില്‍ പ്രധാനമന്ത്രിമാര്‍ ഒന്നോ രണ്ട് തവണമാത്രമാണ് തെരഞ്ഞടുപ്പ് പ്രചാരണത്തിനായി എത്തിയത്. എന്നാല്‍ നരേന്ദ്രമോദി എത്തിയത് നാലുതവണയാണ്. ഇത് കേരളത്തോടുള്ള താല്‍പ്പര്യമാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.