ആക്രമണത്തിന് സാധ്യത; പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

Friday 19 April 2019 7:21 pm IST

ലണ്ടന്‍: പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കയും യു.കെയും. ചന്തകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍ തുടങ്ങി ജനസാന്ദ്രത കൂടിയ മേഖലകളില്‍ വിദേശ സഞ്ചാരികള്‍ക്ക് നേരെ നേരിട്ട് ആക്രമണമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം.  നിയന്ത്രണരേഖക്ക് സമീപമുള്ള പ്രദേശങ്ങളടക്കം നിരവധി മേഖലകളില്‍ സന്ദര്‍ശനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

പ്രതിഷേധങ്ങള്‍ അപ്രതീക്ഷിതമായി ആരംഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നും വളരെ പെട്ടെന്ന് അക്രമാസക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പാകിസ്ഥാനടക്കം മുപ്പത്തിയഞ്ച് രാജ്യങ്ങളില്‍ സഞ്ചാരത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ അമേരിക്കയും ഏര്‍പ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പൗരന്മാരെ ഭീകരവാദി സംഘങ്ങള്‍ തട്ടിക്കൊണ്ട് പോകാനോ ബന്ദികളാക്കാനോ ഉള്ള സാദ്ധ്യതയുണ്ടെന്ന് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അടുത്തകാലത്തായി പാകിസ്ഥാന്റെ ഉത്തരമേഖല കേന്ദ്രീകരിച്ച് ഭീകരവാദി ആക്രമണങ്ങളും കലാപങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് പാക്കിസ്ഥാന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.