പ്രധാനമന്ത്രിയുടെ പരിപാടിയിലെ സുരക്ഷാ വീഴ്ച; ഗൂഢാലോചനയെന്ന് ബിജെപി

Friday 19 April 2019 8:12 pm IST

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത വിജയ് സങ്കല്‍പ് റാലിക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പ്രധാന മന്ത്രി വേദിയില്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്നും വെടിപൊട്ടിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ തടസ്സപ്പെടുത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇത്തരം സംഭവം ഉണ്ടായാല്‍ സാധാരണ പരിപാടിയില്‍ പങ്കെടുക്കാതെ തിരിച്ചുപോകുന്നതാണ് പതിവ്. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് യാതൊരു അന്വേഷണമോ ഉദ്യോഗസ്ഥനെതിരെ നടപടിയോ സ്വീകരിക്കാത്തതിലൂടെ സംഭവത്തെ ലഘൂകരിച്ച് അന്വേഷണം തേച്ചുമാച്ചുകളയാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ പരിപാടി തടസ്സപ്പെടുത്തുന്നതിലേക്ക് വേണ്ടി നടന്ന ആസൂത്രിത ശ്രമമായാണ് ബിജെപി ഇതിനെ നോക്കിക്കാണുന്നതെന്നും എം.ടി. രമേശ് പറഞ്ഞു.

സാധാരണ പ്രധാനമന്ത്രിയെ പോലുള്ള വിഐപി പങ്കെടുക്കുന്ന പരിപാടിയില്‍ ആയുധധാരികളായ പോലീസുകാരെ വിന്യസിക്കാറില്ല. പരിപാടിയുമായി ബന്ധപ്പെട്ട് നഗരത്തില്‍ അലങ്കാര ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പ്രവര്‍ത്തകരെ പോലീസ് രാത്രി പത്തുമണികഴിഞ്ഞെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. രാത്രി 10 മണി കഴിഞ്ഞാല്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു മാത്രമാണ് നിയന്ത്രണം. മറ്റു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് തടസ്സമില്ലെന്നിരിക്കെയാണ് പോലീസ് നടപടി. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പ്രവര്‍ത്തകര്‍ക്ക് സമയബന്ധിതമായി പാസ് നല്‍കാതെ പോലീസ് ഏറെ ബുദ്ധിമുട്ടിപ്പിച്ചു. മഴയായതിനാല്‍ കുടയുമായി എത്തിയ പ്രവര്‍ത്തകരെ മൈതാനത്തുപോലും പോലീസ് കടത്തിവിട്ടില്ല. തുടക്കം മുതലേ റാലിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നടപടികള്‍ ആകസ്മികമല്ലെന്നതിന്റെ തെളിവാണ്. അതുകൊണ്ടു തന്നെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.