നവജാത ശിശുവിനെക്കുറിച്ചുള്ള വര്‍ഗീയ പരാമര്‍ശം: പ്രതി അറസ്റ്റില്‍

Saturday 20 April 2019 1:16 am IST

കൊച്ചി: ഹൃദയത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം പൈങ്ങോട്ടൂര്‍ കോനാമ്പറത്ത് വീട്ടില്‍ ബിനില്‍ സോമസുന്ദരമാണ് അറസ്റ്റിലായത്.

സംഭവത്തില്‍ കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നെടുങ്കണ്ടത്ത് നിന്ന് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 153 എ, 505, 295 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിനിലിനെതിരെ കൂടുതല്‍ അന്വേഷണം നടത്തും.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്തെന്നായിരുന്നു പരാമര്‍ശം. 

നവമാധ്യമങ്ങളിലടക്കം പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ ഫേസ്ബുക്ക് പിന്‍വലിക്കുകയും തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് മറ്റൊരു കുറിപ്പിടുകയും ചെയ്തെങ്കിലും ട്വിറ്ററിലും സമാനമായ പോസ്റ്റിട്ടത് ഇയാളുടെ നുണ പൊളിച്ചു. തുടര്‍ന്ന് മദ്യലഹരിയിലായിരിക്കുമ്പോഴാണ് പോസ്റ്റിട്ടതെന്ന് തിരുത്തി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.