7.3 ശതമാനം വളര്‍ച്ചാ നിരക്കോടെ ഇന്ത്യ കുതിക്കുന്നു: ഐഎംഎഫ്

Saturday 20 April 2019 1:02 am IST

ന്യൂദല്‍ഹി: ആഗോള വളര്‍ച്ചാ നിരക്ക് 3.3 ശതമാനമായി കുറഞ്ഞിട്ടും ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 2019ല്‍ 7.3 ശതമാനമായി കുതിക്കുന്നുവെന്ന് ഐഎംഎഫ്. ചൈന 6.3 ശതമാനം വളര്‍ച്ചാ നിരക്കും കൈവരിച്ചിട്ടുണ്ട്. ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം. 2019ല്‍ ഇന്ത്യ ഇനിയും മുന്നേറും. വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായി ഉയരും. എന്നാല്‍, ചൈനയുടെ വളര്‍ച്ച 6.1 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

 2019 പകുതിയോടെ ആഗോള വളര്‍ച്ചാനിരക്ക് ഉയരുമെന്നാണ് പ്രതീക്ഷയെങ്കിലും ബ്രക്‌സിറ്റ്, ചൈന-അമേരിക്ക വ്യാപാര യുദ്ധം തുടങ്ങിയ വിഷയങ്ങളെ ആശ്രയിച്ചായിരിക്കുമിതെന്നാണ് വിലയിരുത്തല്‍. 

ലോകസമ്പദ്‌വ്യവസ്ഥാ വളര്‍ച്ച 70 ശതമാനം കുറഞ്ഞു. അമേരിക്കയുമായുള്ള വ്യാപാര യുദ്ധം ചൈനയെ ബാധിച്ചു. വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നടക്കുന്നത് സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമായി. അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ വളര്‍ച്ച 2019ലും താഴേക്കായിരിക്കും.

ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണായക സമയമാണിത്. തുര്‍ക്കി, അര്‍ജന്റീന അടക്കമുള്ള വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചയെ ഇപ്പോഴത്തെ നില ബാധിക്കുമെന്ന് ഉറപ്പാണ്, ഗീതാ ഗോപിനാഥ് പറഞ്ഞു. 

നയം രൂപീകരിക്കുന്നവര്‍ പരമാവധി വീഴ്ചകള്‍ ഒഴിവാക്കിയാല്‍ മാത്രമേ സാമ്പത്തികനില മെച്ചപ്പെടുത്താനാകൂ എന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.