റെയില്‍വേ സ്റ്റേഷനുകളില്‍ സ്‌ഫോടനം നടത്തുമെന്ന് ജെയ്‌ഷെ മുഹമ്മദ്

Saturday 20 April 2019 1:51 am IST

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ സ്‌ഫോടനം നടത്തുമെന്ന ഭീഷണിയുമായി പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ കത്ത്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മന്‍സൂര്‍ അഹമ്മദ് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഹിന്ദിയിലാണ് ഭീഷണിക്കത്തെഴുതിയത്. 

ബോംബ് സ്‌ഫോടനം നടത്തി കൊന്ന ജിഹാദികളുടെ കൊലപാതകത്തിന് പകരമായി മെയ് 13ന് ഫിറോസ്പൂര്‍, ജലന്ധര്‍, ഫരീദ്‌കോട്ട്, അമൃത്‌സര്‍, ബര്‍ണാല എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഫിറോസ്പൂര്‍ റെയില്‍വേ ഡിവിഷന്‍ മാനേജര്‍ക്ക് ലഭിച്ച കത്തിലുള്ളത്.

മെയ് 13ന് രാജസ്ഥാനിലെ റെയില്‍വേ സ്റ്റേഷനുകള്‍, ജയ്പൂര്‍, ബീക്കാനീര്‍, ജോധ്പൂര്‍, ശ്രീഗംഗനഗര്‍ എന്നിവിടങ്ങളിലെ സൈനിക ക്യാമ്പുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലും സ്‌ഫോടനം നടത്തുമെന്ന് കത്തിലുണ്ട്.

ഉത്തരാഖണ്ഡിലെ റെയില്‍വേ അധികാരികള്‍ക്ക് ലഭിച്ച കത്തില്‍ റൂര്‍ക്കി, ഹരിദ്വാര്‍ കൂടാതെ സംസ്ഥാനത്തെ 10 റെയില്‍വേ സ്റ്റേഷനുകളിലും മെയ് ആറിന് സ്‌ഫോടനം നടത്തുമെന്നാണുള്ളത്. ഇതേക്കുറിച്ച് ഉത്തരാഖണ്ഡ് പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. 

ഭീഷണിയെ തുടര്‍ന്ന് മൂന്ന് സംസ്ഥാനങ്ങളിലും റെയില്‍വേ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ സംയുക്തമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.