ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം: സുപ്രീംകോടതിയില്‍ അടിയന്തിര യോഗം ചേര്‍ന്നു

Saturday 20 April 2019 10:54 am IST
35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് 22 സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ഇത് സംബന്ധിച്ച് വെള്ളിയാഴ്ച കത്ത് നല്‍കിയിരുന്നു. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂദല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ സുപ്രീംകോടതിയില്‍ അടിയന്തിര യോഗം ചേര്‍ന്നു. സുപ്രീം കോടതി മുന്‍ ജീവനക്കാരിയാണ് ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയിരിക്കുന്നത്. 

ഇതിനെ തുടര്‍ന്ന് സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരം അടിയന്തിര സിറ്റിങ് നടത്താന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ അപൂര്‍വമായാണ് ഇത്തരത്തില്‍ അടിയന്തിര യോഗം ചേരുന്നത്.

35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് 22 സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ഇത് സംബന്ധിച്ച് വെള്ളിയാഴ്ച കത്ത് നല്‍കിയിരുന്നു. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂദല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

തന്റെ അരക്കെട്ടില്‍ കയറിപ്പിടിച്ചശേഷം കെട്ടിപ്പിടിച്ചെന്നും, ശരീരഭാഗങ്ങളില്‍ മുഴുവന്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ കുതറിമാറാന്‍ നോക്കിയെങ്കിലും പോകാനനുവദിക്കാതെ ബലമായി എന്നെ പിടിച്ചുനിര്‍ത്തിയെന്നും കവറിങ് ലെറ്ററുമായി നല്‍കിയ സത്യവാങ്മൂലത്തില്‍ യുവതി ആരോപിക്കുന്നുണ്ട്. 

ചീഫ് ജസ്റ്റിസിന്റെ ആവശ്യം തള്ളിക്കളഞ്ഞിതിനെ തുടര്‍ന്ന് യുവതിയെ റെസിഡന്‍സ് ഓഫീസില്‍ നിന്ന് പുറത്താക്കി. 2018 ഡിസംബറില്‍ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിട്ടതായും പരാതിക്കാരി അറിയിച്ചു.

എന്നാല്‍ ആരോപണം വ്യാജമാണെന്നും തനിക്കെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചനയാണ് നടക്കുന്നത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വ്യക്തമാക്കി. പണം കൊണ്ട് തന്നെ സ്വാധീനിക്കാന്‍ കഴിയില്ല എന്നു കണ്ടപ്പോഴാണ് പുതിയ നീക്കമെന്നും ആരോപണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

തനിക്കെതിരായി ഉയര്‍ന്ന ആരോപണം വിശദീകരിക്കുന്നതിനാണ് അടിയന്തിര സിറ്റിങ് നടത്തിയതെന്നാണ് ചീഫ് ജസ്റ്റിസ് കോടതിയില്‍ വ്യക്തമാക്കി.  തനിക്ക് ആകെയുള്ളത് ആറ് ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് മാത്രമാണ്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ നിസ്വാര്‍ഥ സേവനം നടത്തുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്.

എല്ലാ ജീവനക്കാരോടും ബഹുമാനത്തോടു മാത്രമേ പെരുമാറിയിട്ടുള്ളൂ. പരാതിക്കാരിയായ ജീവനക്കാരിയുടെ അനുചിതമായ പെരുമാറ്റം സെക്രട്ടറി ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു എന്നും ചീഫ് ജസ്റ്റിസ് തുറന്ന കോടതിയില്‍ പറഞ്ഞു. ഇവര്‍ക്കെതിരെ രണ്ടു കേസുകളുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ക്കെതിരെ വീണ്ടും കേസുകള്‍ വന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. 

കാരവന്‍, സ്‌ക്രോള്‍, ലീഫ്ലെറ്റ് എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലാണ് തനിക്കെതിരായി വാര്‍ത്ത വന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടു കൂടി വാര്‍ത്തകള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പക്ഷപാതമില്ലാതെ നിര്‍ഭയം പദവിയില്‍ തുടരുമെന്നും രാജി വെയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ് എന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പ്രതികരിച്ചു. ഇതിന്റെ പിന്നില്‍ സുപ്രീം കോടതിയെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ശക്തികളുണ്ട് എന്ന് സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറിലിന്റെ ഇ മെയിലില്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.