അബദ്ധത്തില്‍ വെടി പൊട്ടിയതല്ല, പൊട്ടിച്ച് നോക്കിയതെന്ന് എഡിജിപി

Saturday 20 April 2019 12:23 pm IST

കൊച്ചി : പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയതല്ലെന്നും പൊട്ടിച്ചതാണെന്നും വിശദീകരണം. സുരക്ഷാ ജീവനക്കാരന്റെ തോക്ക് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അതിലെ വെടിയുണ്ട തറയിലേക്കു പൊട്ടിച്ചു കളഞ്ഞതെന്നും ദക്ഷിണ മേഖലാ എഡിജിപി മനോജ് എബ്രഹാം നല്‍കിയ വിശദീകരണം നല്‍കി. 

സാധാരണ വിവിഐപി ഡ്യൂട്ടിക്കു നിയോഗിക്കുന്ന പോലീസുകാരുടെ കൈവശമുള്ള തോക്ക് നേരത്തെ പരിശോധിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയുടെ വേദിക്കരികില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ പിസ്റ്റള്‍ അത്തരത്തില്‍ പരിശോധിച്ചപ്പോള്‍ അതിലെ കാഞ്ചി വലിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.

തുടര്‍ന്നേ മേല്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിനു സമീപം തറയിലേക്കു നിറയൊഴിക്കുകയായിരുന്നുവെന്നു ദക്ഷിണമേഖലാ എഡിജിപി അറിയിച്ചു. അതിനു ശേഷം ആ ഉദ്യോഗസ്ഥനു മറ്റൊരു തോക്ക് പകരം നല്‍കി. കൊല്ലം എആര്‍ ക്യാംപിലെ പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കാണ് പ്രവര്‍ത്തിക്കാതിരുന്നത്.

പ്രധാനമന്ത്രി എത്തുന്നതിനു മുന്‍പായിരുന്നു സംഭവം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ  ഭാഗമായ വിജയ് സങ്കല്‍പ്പില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭനവം നടന്നത്. അതിനു ശേഷം ഡ്യൂട്ടി പൂര്‍ത്തിയാക്കിയാണു പോലീസുകാരന്‍ മടങ്ങിയത്. 

എന്നാല്‍ ഈ സുരക്ഷാ വീഴ്ചയെ തേയ്ച്ച് മായ്ച്ച് കളയാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു.സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു.  

അതേസമയം ഇതു സംബന്ധിച്ചു പോലീസില്‍ ഒരുതരത്തിലുള്ള അന്വേഷണവും നടക്കുന്നില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും മനേജ് എബ്രഹാം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.