തുഷാറിന് നേരെ ആക്രമണം: എന്‍ഡിഎ മാര്‍ച്ച് നടത്തി

Saturday 20 April 2019 12:38 pm IST

തിരുവനന്തപുരം : വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് നേരെ  ആക്രമണം ഉണ്ടായതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എന്‍ഡിഎ മാര്‍ച്ച് നടത്തി. ബിജെപി ജനറല്‍ സെക്രട്ടറി മാര്‍ച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

ബിഡിജെഎസ് അധ്യക്ഷനുമായ തുഷാറിനു നേരെ മലപ്പുറം വണ്ടൂരില്‍ വെച്ച് രണ്ട് തവണയാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കും രാത്രി ഏഴരയ്ക്കുമായിരുന്നു ആക്രമണം. ഇതില്‍ ആദ്യ ആക്രമണത്തില്‍ തുഷാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. മാരകായുധങ്ങളുമായി നടത്തിയ രണ്ടാമത്തെ ആക്രമണത്തില്‍ 15 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം വാഹനത്തില്‍ ഉണ്ടായിരുന്ന തുഷാറിന് പരിക്കൊന്നും സംഭവിച്ചില്ല. 

കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും കാരണം വ്യക്തമല്ലെന്നും തങ്ങളുടെ ഭാഗത്തുനിന്നും പ്രകോപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്‍ഡിഎ നേതാക്കള്‍ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കാളികാവ് കല്ലാമൂലയിലായിരുന്നു ആദ്യത്തെ ആക്രമണം.

തുഷാറിന്റെ വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ സ്ഥലത്ത് യുഡിഎഫിന്റെ സമ്മേളനം നടക്കുകയായിരുന്നു. ഇവിടെ തടിച്ചുകൂടിയ കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഇതിനിടെ പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് ചാടിവീണ് തങ്ങളുടെ യാത്ര തടഞ്ഞു. 25 മിനിട്ടോളം ഇവര്‍ വാഹനം തടഞ്ഞിട്ട് ബഹളം വയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ തുഷാര്‍ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകളും തകര്‍ന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.