സാധ്വിയുടെ സ്ഥാനാര്‍ഥിത്വം ഹിന്ദുക്കളെ ഭീകരരെന്ന് വിളിച്ചവര്‍ക്കുള്ള മറുപടി

Saturday 20 April 2019 6:15 pm IST
രാജ്യത്ത് പലയിടങ്ങളിലും നടന്ന ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ രാഷ്ട്രീയ പകപോക്കലൊന്നുമല്ല. നിയമാനുസൃതമുള്ള പരിശോധനകളാണ്. ഈ റെയ്ഡുകളില്‍ അഴിമതിയുടെ വ്യക്തമായ തെളിവുകളാണ് ലഭിച്ചത്. പാവപ്പെട്ടവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ക്കായി നീക്കിവച്ച പണം വരെ ഇക്കൂട്ടര്‍ തട്ടിയെടുത്തതായി റെയ്ഡുകളില്‍ കണ്ടെത്തിയിട്ടുണ്ട്.

ബുനിയാദ്പൂര്‍: സാധ്വി പ്രജ്ഞാ സിങ്ങിനെ ബിജെപി ഭോപ്പാലില്‍ സ്ഥാനാര്‍ഥിയാക്കിയത് ഹിന്ദുക്കളെ ഭീകരരായി ചിത്രീകരിച്ചവര്‍ക്കുള്ള ചുട്ടമറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിടെ അവര്‍ കോണ്‍ഗ്രസിലെ ദ്വിഗ്‌വിജയ് സിങ്ങിനെതിരെ  വിജയിക്കും, മോദി ബംഗാളിലെ ബുനിയാദ്പൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. 

രാജ്യത്ത് പലയിടങ്ങളിലും നടന്ന ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ രാഷ്ട്രീയ പകപോക്കലൊന്നുമല്ല. നിയമാനുസൃതമുള്ള പരിശോധനകളാണ്. ഈ റെയ്ഡുകളില്‍ അഴിമതിയുടെ വ്യക്തമായ തെളിവുകളാണ് ലഭിച്ചത്. പാവപ്പെട്ടവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ക്കായി നീക്കിവച്ച പണം വരെ ഇക്കൂട്ടര്‍ തട്ടിയെടുത്തതായി റെയ്ഡുകളില്‍ കണ്ടെത്തിയിട്ടുണ്ട്.

മോദി സര്‍ക്കാരുള്ളപ്പോള്‍ തട്ടിപ്പ് നടക്കില്ലെന്നും വായ്പ്പയെടുത്ത പണം പലിശസഹിതം മടക്കി അടയ്‌ക്കേണ്ടി വരുമെന്നും മനസ്സിലായപ്പോഴാണ് വിജയ് മല്ല്യയും നീരവ് മോദിയും  വിദേശത്തേക്ക് മുങ്ങിയത്. 2019ല്‍ അവരെ ജയിലിന്റെ പടികളില്‍ വരെ എത്തിക്കാനായിട്ടുണ്ട്. വൈകാതെ അവരെ ജയിലുകളില്‍ അടയ്ക്കുക തന്നെ ചെയ്യും. കൂടുതല്‍ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ രണ്ടു ഘട്ട തെരഞ്ഞെടുപ്പുകളും കഴിഞ്ഞതോടെ ദീദി(മമത)ക്ക് ഉറക്കം നഷ്ടപ്പെട്ടു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരെ വരെയാണ് മമത പ്രചാരണത്തിന് ഇറക്കിയിരിക്കുന്നത്. ബംഗ്ലാദേശി താരങ്ങള്‍ തൃണമൂലിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത് ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. ഇത് അങ്ങേയറ്റം നാണംകട്ട പരിപാടിയായിപ്പോയി. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണിത്.

ബലാക്കോട്ടിലെ വ്യോമാക്രമണത്തിന്റെ തെളിവു ചോദിക്കുകയാണ് മമത. അതിന്റെ തെളിവു ശേഖരിക്കുന്നതിനു പകരം ചിട്ടിതട്ടിപ്പുകളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനാണ് മമത ശ്രമിക്കേണ്ടത്, മോദി തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.