മത മൈത്രിയുടെ ഉത്സവം ക്ഷണിക്കാന്‍ വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളി മുറ്റത്ത്

Saturday 20 April 2019 6:21 pm IST

മഞ്ചേശ്വരം: മുല്ലപ്പൂമാലയണിഞ്ഞ് കൊമ്പുവിളിക്ക് പള്ളി വാള്‍ ഇളക്കി വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളി മുറ്റത്ത് പ്രവേശിച്ചപ്പോള്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ് ഇറങ്ങുകയായിരുന്ന വിശ്വാസികള്‍ ഇരുവശങ്ങളിലേക്കും മാറി നിന്ന് അവരെ സ്വീകരിച്ചു. വിഷുകഴിഞ്ഞ് ആദ്യ വെള്ളിയാഴ്ചയാണ് വര്‍ഷങ്ങളായി ഈ ചടങ്ങ് നടന്ന് വരുന്നത്. 

മഞ്ചേശ്വരം ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളി മുറ്റമാണ് മതമൈത്രി ചടങ്ങിന് വേദിയായത്. ഉദ്യാവര്‍ മാട അരസു മഞ്ചിസ്‌നാറ് ക്ഷേത്രത്തിലെ ബണ്ടി മഹോത്സവത്തിന് ക്ഷണവുമായാണ് ശ്രീദൈവങ്ങളും പരിവാരങ്ങളും പള്ളിയങ്കണത്തിലേക്ക് എത്തിയത്. മാട ക്ഷേത്രത്തിന് സമീപത്തെ സിംഹാസന തറയില്‍ നടന്ന ചടങ്ങിന് ശേഷം വെളിച്ചപ്പാടുകളും, ക്ഷേത്രഭാരവാഹികളും, നാട്ടുകാരും വിളംബര ജാഥയായാണ് പള്ളിമുറ്റത്ത് എത്തിയത്.

മെയ് 9ന് ആരംഭിക്കുന്ന ക്ഷേത്രോത്സവത്തിന് ക്ഷണിക്കാന്‍ ശ്രീദൈവങ്ങളും പരിവാരങ്ങളും എത്തുന്ന വിവരം മുന്‍കൂട്ടി പള്ളിയില്‍ അറിയിച്ചിരുന്നു. ജുമുഅ നിസ്‌കാരം കഴിഞ്ഞയുടനെ ഖത്ത്വീബ് വിവരം ജമാഅത്തിനെ അറിയിച്ചു. നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പള്ളിക്ക് മുന്‍വശത്തെ ഗേറ്റിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന വെളിച്ചപ്പാടുകളേയും, ക്ഷേത്ര ഭാരവാഹികളേയും ജമാഅത്ത് ഖത്ത്വീബും ഭാരവാഹികളും സ്വീകരിച്ചു.

ജമാഅത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ ഉപചാരപൂര്‍വ്വമുള്ള വരവേല്‍പ്പ് സ്വീകരിച്ച വെളിച്ചപ്പാടുകള്‍ കൊമ്പുവിളിയുടെ ഈണം പകര്‍ത്തി അരുളി തുടങ്ങി. 'ഷെയ്ഖന്‍മാരും ഞങ്ങളും എപ്പോഴും കാണുന്നവരാണ്. കൊല്ലത്തില്‍ ഒരിക്കലുള്ള നമ്മുടെ ഒത്തുചേരല്‍ ജനങ്ങള്‍ അറിയുന്നതാണ്'. രണ്ട് നൂറ്റാണ്ടിലധികമായി ഉദ്യാവാരത്തെ മതമൈത്രിയുടെ മഹോത്സവ രംഗമാക്കി മാറ്റിവരുന്ന ഈ ആചാരത്തിന്റെ പൊരുളുകള്‍ അരുളപാടുകള്‍ അരുളി ചെയ്തു.

ഞങ്ങളുടെ ഉത്സവചടങ്ങുകള്‍ ചിട്ടകളും മുറകളും അനുസരിച്ച് ഭംഗിയായി നടത്താന്‍ വരണം. ഈ ആണ്ടിലെ ഉത്സവത്തിന് എത്താന്‍ ഏവരേയും ക്ഷണിച്ചപ്പോള്‍ പള്ളിയിലുണ്ടായിരുന്ന എല്ലാവരും തലയാട്ടി ക്ഷണം സ്വീകരിച്ചു. ഉടവാള്‍ നെറ്റിയില്‍ ചേര്‍ത്ത് വണങ്ങി വെളിച്ചപ്പാടും സംഘവും പള്ളിമുറ്റത്ത് നിന്ന് യാത്രയായി.

ക്ഷേത്രത്തില്‍ നിന്നും മഞ്ജു ഭണ്ടാരി, തിമ്മ ഭണ്ടാരി, ദുഗ്ഗ ഭണ്ടാരി, ദയാകര്‍ മാട, ജയ്പാല്‍ ഷെട്ടി, രണ്ട് വര്‍ണങ്ങള്‍ അടങ്ങുന്ന  ഭാരവാഹികളോടൊപ്പം കാല്‍നടയായി പള്ളിയിലെത്തി. അനുമതി ചോദിക്കല്‍ ചടങ്ങിനെത്തിയ സംഘത്തെ പള്ളി പ്രസിഡന്റ് സൂപ്പി ഹാജി, സെക്രട്ടറി മൊയ്തീന്‍ ഹാജി, അഹ്മദ് ബാവാ ഹാജി, അബൂബക്കര്‍ മാഹിന്‍ ഹാജി, ഹനീഫ് പി എ തുടങ്ങിവര്‍ സ്വാഗത്തിച്ചു.  ശേഷം തിരികെ എത്തി ക്ഷേത്രത്തിന് മുന്നിലെ സിംഹാസന കട്ടയില്‍ തിരിഞ്ഞിരിക്കല്‍ ചടങ്ങും നടത്തി. 

ഉദ്യാവര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രവും ജമാഅത്ത് പള്ളിയും തമ്മിലുള്ള ചിരപുരാതന ബന്ധത്തിന് ഒട്ടേറെ സാക്ഷ്യങ്ങള്‍ ഉണ്ട്. പള്ളിയിലെ ഉറൂസിന് ക്ഷേത്രം വക അരി, എണ്ണ, നെയ്യ് തുടങ്ങിയവ കൊടുക്കും. എഴുന്നള്ളിച്ചാണ് അവ എത്തിക്കുന്നത്. ഉദ്യാവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്നും ആയിരം ജമാഅത്തും സഹകരിക്കാറുണ്ട്. ഉദ്യാവരം മാട ക്ഷേത്രത്തിലെ സിംഹാസന തറ മതസൗഹാര്‍ദ്ദ വേദിയായി ഇന്നും നിലകൊള്ളുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.