സംഘപഥത്തിലൂടെ ഇരുപതുകൊല്ലം

Sunday 21 April 2019 5:39 am IST

സംഘപഥത്തിലൂടെ എന്ന ഈ പംക്തിക്കു ഇപ്പോള്‍ ഇരുപത് വയസ്സ് പൂര്‍ത്തിയായി. ഒഴിവാക്കാനാകാത്ത കാരണങ്ങളാല്‍ ഇടയ്ക്കു ചില ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഏതാണ്ട് തുടര്‍ച്ചയായി അതു വായനക്കാരുടെ മുന്നില്‍ എത്തിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ട്. ജന്മഭൂമി കോഴിക്കോട് പതിപ്പിലെ യു.പി. സന്തോഷ് വാരാദ്യപ്പതിപ്പില്‍ എളുപ്പം വായിക്കാന്‍ പറ്റുന്ന ഒരു പംക്തി എഴുതണമെന്ന് താല്‍പ്പര്യപ്പെട്ടപ്പോള്‍ സുദീര്‍ഘമായ സംഘാനുഭവങ്ങളില്‍ നിന്ന് ചില അവസരങ്ങള്‍ എഴുതാമെന്നു വിചാരിക്കുകയായിരുന്നു.

തലശ്ശേരിയിലെ പ്രേഷ്ഠ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന അഡ്വക്കേറ്റ് എ.ഡി. നായര്‍ ഒരിക്കല്‍, എനിക്ക് ബന്ധപ്പെടാന്‍ ഇടയായവരെക്കുറിച്ച് എഴുതിയാല്‍ നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടത് അപ്പോള്‍ ഓര്‍മ്മ വന്നു. അതു മനസ്സില്‍ വെച്ച് അപ്പോള്‍ തന്നെ ഒരു കുറിപ്പെഴുതി സന്തോഷിനെ ഏല്‍പ്പിക്കുകയും 'ഇതാണ് വേണ്ടതെ'ന്ന അദ്ദേഹത്തിന്റെ അഭിപ്രായം മനസ്സില്‍ വെച്ചുകൊണ്ട് സംഘപഥത്തിലൂടെ സഞ്ചരിക്കുകയുമായിരുന്നു. ഈ പേരും സന്തോഷിന്റെ സൃഷ്ടിയാണ്. ജന്മഭൂമിയില്‍ അതു പ്രസിദ്ധീകരിച്ചു വന്നപ്പോഴേ കാര്യം ഞാനറിഞ്ഞിരുന്നുള്ളൂ.

സംഘപഥത്തിലൂടെ എന്ന പംക്തി സംഘവുമായി അടുപ്പമില്ലാത്തവര്‍ക്കും രുചികരമാകുന്നുണ്ടെന്നു പല സുഹൃത്തുക്കളും പറഞ്ഞു. ഒരു പ്രമുകമ്യൂണിസ്റ്റ് താത്ത്വിക ലേഖകനും, കേരളത്തിലെ പ്രശസ്തനായ ഒരു കോണ്‍ഗ്രസ്സ് നേതാവും അതിനെ പ്രശംസിച്ചതായും, അതില്‍നിന്നു തെരഞ്ഞെടുത്തവ പുസ്തകമാക്കണമെന്നും എന്നെ സുഹൃത്തുക്കള്‍ മുഖാന്തരം അറിയിച്ചിരുന്നു. ജന്മഭൂമി തന്നെ ഏതാണ്ട് നൂറോളം ഖണ്ഡങ്ങള്‍ പുസ്തകമാക്കിക്കഴിഞ്ഞു.

ഇനിയും ഏതാനും പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശ്യമുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. 1967-68 കാലത്തു കോഴിക്കോട്ട് ചേര്‍ന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തിന്റെ രജത ജയന്തിയോടനുബന്ധിച്ച് കോഴിക്കോട്ടെ ഇന്‍ഡോളജിക്കല്‍ ട്രസ്റ്റ് എന്ന സ്ഥാപനം, സമ്മേളനത്തെപ്പരാമര്‍ശിക്കുന്ന 'സംഘപഥത്തിലൂടെ'  പംക്തിയിലെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സമ്മതം ചോദിച്ചിരുന്നു. ട്രസ്റ്റ് അതു സംഭരിച്ചിരുന്നുവത്രേ. അതു ജനസംഘം രേഖകള്‍ എന്ന പുസ്തകമാക്കി മറ്റു പല കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി അന്ന് സമ്മേളന സ്ഥലത്ത് പ്രകാശനം ചെയ്തിരുന്നു.

 ഈ ലേഖന പരമ്പരയിലെ ആദ്യഖണ്ഡം ഇന്ന് പലരും വായിച്ചിട്ടുണ്ടാവില്ല. അതിന്റെ ചില ഭാഗങ്ങള്‍ ഇന്നത്തെ വായനക്കാരുടെ അറിവിലേക്കായി ഇവിടെ ഉദ്ധരിക്കാമെന്നു വിചാരിക്കുകയാണ്:

''ഇന്ന് ലോകത്തെ ഏറ്റവും വലിയ സേവന സംഘടന രാഷ്ട്രീയ സ്വയംസേവക സംഘമാണെന്നതു പരമാര്‍ത്ഥം മാത്രമാണ്. ലോക റിക്കാര്‍ഡുകളുടെ ഗിന്നസ് ബുക്കില്‍ അതിന്റെ പേര്‍ ഉണ്ടാവില്ല. പേരുണ്ടാക്കുകയെന്നത് ഒരിക്കലും സംഘത്തിന്റെ ഉദ്ദേശ്യമായിരുന്നില്ല എന്നതാണിതിനു കാരണം. ഭാരതീയ ജനതയുടെ ധാര്‍മിക നവോത്ഥാനമാണല്ലൊ സംഘത്തിന്റെ ഉദ്ദേശ്യം.

സുശക്തവും ആത്മാഭിമാനസമ്പന്നവും ദൃഢനിശ്ചയമുള്ളതുമായ സമൂഹമായി ഭാരതീയ ജനതയെ രൂപപ്പെടുത്തിയെടുക്കാനാണ് കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി സംഘപ്രവര്‍ത്തകര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നത്. ഓരോ ആളുടേയും മനസ്സില്‍ സ്‌നേഹത്തിന്റെയും രാജ്യഭക്തിയുടെയും ധാര്‍മികബോധത്തിന്റെയും ചൈതന്യമുണര്‍ത്തുകയാണ് അതിന്റെ ദൈനംദിന പരിപാടി. നിരന്തരം നടന്നുവരുന്ന ഈ പ്രക്രിയയുടെ ഭാഗമായി സമാജത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ക്രമേണ പരിവര്‍ത്തനം വന്നുകൊണ്ടിരിക്കുന്നു. ഇന്ന് സംഘത്തിന്റെ സ്വാധീനം പ്രവര്‍ത്തിക്കാത്ത ഒരു മണ്ഡലവും രാജ്യത്തില്ല. സംഘത്തെ എതിര്‍ക്കുന്നവര്‍ ഇവിടത്തെ സകല പ്രക്രിയകളിലും സംഘത്തിന്റെ പ്രച്ഛന്ന സാന്നിദ്ധ്യം ദര്‍ശിക്കുന്നു.

നെഹ്‌റു യുവക് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പിന്നാക്ക ജില്ലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി സന്നദ്ധഭടന്മാരെ നിയമിക്കാന്‍ തീരുമാനമുണ്ടായപ്പോള്‍ കേരള സര്‍ക്കാര്‍ അതിനെ എതിര്‍ത്തത്, അതു സംഘപ്രവര്‍ത്തകരെ തിരുകിക്കയറ്റാനുള്ള ഗൂഢ ശ്രമമാണെന്നു പറഞ്ഞാണ്. സംസ്ഥാനത്തെ പിന്നാക്ക ജില്ല നിശ്ചയിക്കുന്നത് ഇവിടത്തെ സര്‍ക്കാരാണ്. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ജനകീയാസൂത്രണ സമിതികളാണ്. സന്നദ്ധഭടന്മാരെ തെരഞ്ഞെടുക്കേണ്ടതു ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്തധ്യക്ഷനുമടങ്ങുന്ന ജനകീയാസൂത്രണ സമിതികളാണ്. ഇവയിലൊന്നും ആര്‍എസ്എസിനു പങ്കില്ലാത്ത കേരളത്തില്‍ നെഹ്‌റു യുവക് കേന്ദ്രത്തിന്റെ പദ്ധതി നടപ്പാക്കേണ്ട എന്നാണ് നായനാര്‍ മന്ത്രിസഭ തീരുമാനിച്ചത്. കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള ഭരണം നിലനില്‍ക്കുന്നതുമൂലം, ആ സര്‍ക്കാരിന്റെ സകല നിര്‍ദ്ദേശങ്ങള്‍ക്കും പിന്നില്‍ ആര്‍എസ്എസ് ആണെന്ന സംഭ്രാന്തിയാണ് ഇവിടത്തെ ഇടതുസര്‍ക്കാരിന്.

എവിടെയും ആര്‍എസ്എസിന്റെ അദൃശ്യ സാന്നിദ്ധ്യം ഇന്ന് കമ്യൂണിസ്റ്റുകള്‍ക്കും മറ്റുള്ളവര്‍ക്കും അനുഭവപ്പെടുന്നുവെന്നതു സത്യമാണ്. സംഘം അതിന്റെ പ്രവര്‍ത്തനം മുക്കാല്‍ നൂറ്റാണ്ടായി തുടരുകയാണ്. അതു കേരളത്തിലും ഏതാണ്ട് അറുപതു കൊല്ലമായി പ്രവര്‍ത്തിക്കുന്നു. ആരാണീ വളര്‍ച്ചയ്ക്കു കാരണക്കാര്‍? ഏതെങ്കിലും ഒരു വ്യക്തി ഈ പ്രസ്ഥാനത്തെ കേരളത്തില്‍  കൊണ്ടുവന്നുവെന്നതു ശരിയാണ്.

അത്തരം ആളുകളെ നാം അത്യന്തം സ്‌നേഹത്തോടെ ആദരിക്കുന്നു. വിദ്യാ സമ്പന്നരായ ഒട്ടേറെപ്പേര്‍ സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കാതെ സമാജത്തെ സേവിക്കാന്‍ തുനിഞ്ഞിറങ്ങി. നാല്‍പതും അന്‍പതും വര്‍ഷങ്ങളായി അങ്ങനെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ ഇന്നുണ്ട്. അവര്‍ സംഘവൃത്തത്തിനുപുറമേ വളരെ കുറച്ചു മാത്രമേ അറിയപ്പെടുന്നുള്ളൂ. മറ്റു ചിലര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയുടെ സവിശേഷതമൂലം പുറത്തറിയപ്പെടുന്നവരാകുന്നു. അവര്‍ പൊതുരംഗത്ത് സമുന്നതപദവികളില്‍ എത്തുന്നു.

എന്നാല്‍ സംഘത്തിന്റെയും മറ്റു ഹിന്ദുത്വ പ്രവര്‍ത്തനങ്ങളുടെയും അടിക്കല്ലുകളായുള്ളവര്‍ എല്ലായിടങ്ങളിലുമുണ്ടാകും. വലിയ വിദ്യാഭ്യാസമോ ഉദ്യോഗമോ ബിസിനസ്സോ ഒന്നുമില്ലാത്ത തികച്ചും സര്‍വസാധാരണമായ ജീവിതം നയിക്കുന്നവരാണവര്‍. ചിലര്‍ സാധാരണ കൃഷിക്കാരാവാം, മറ്റു ചിലര്‍ മത്സ്യത്തൊഴിലാളികളാവാം. കന്യാകുമാരിയിലെ മനോഹരവും ഭവ്യവുമായ വിവേകാനന്ദ സ്മാരകം സാധ്യമാക്കിയത് കൊയിലാണ്ടിയിലേയും പയ്യോളിയിലേയും മറ്റും കടപ്പുറത്തു തിരകളുമായി മല്ലിട്ടു ജീവിച്ച ഏതാനും യുവാക്കളുടെ സാഹസിക ത്യാഗമായിരുന്നല്ലോ.

സ്വന്തം നാടുപേക്ഷിച്ചു കന്യാകുമാരിയിലെ അപരിചിതമായ അന്തരീക്ഷത്തെയും കാലാവസ്ഥയെയും സ്വയംവരിച്ചുകൊണ്ട് അവര്‍ വിവേകാനന്ദപ്പാറ മറ്റുള്ളവര്‍ക്കു പ്രാപ്തമാക്കിത്തീര്‍ത്തു. അവര്‍ക്കതിനു പ്രേരണ നല്‍കിയത് സംഘദൗത്യം അവരില്‍ മൊട്ടിടീച്ച ത്യാഗമനോഭാവമാണ്. വിവേകാനന്ദ സ്മാരകത്തില്‍ ചെല്ലുന്നവര്‍ക്കുണ്ടാകുന്ന മാനസികാനുഭൂതി അവര്‍ണനീയമാണ്. (സക്കറിയയെപ്പോലെ അവിടെ ചെല്ലുമ്പോള്‍ അറപ്പുളവാക്കുന്ന വികാരം ഉണരുന്നവരെ ഇവിടെ മറക്കുന്നില്ല. ചോര തന്നെ കൊതുകിന്നു കൗതുകം എന്നത് എത്ര ശരി!) അതിനു നാം ഏകനാഥ റാനഡേയോടെന്നപോലെ പയ്യോളിയിലേയും കൊയിലാണ്ടിയിലേയും കോഴിക്കോട്ടേയും ആ അജ്ഞാത മത്സ്യത്തൊഴിലാളി സ്വയംസേവകരോടും കടപ്പെട്ടിരിക്കുന്നു.

അങ്ങനത്തെ വീരകൃത്യങ്ങള്‍ ചെയ്തിട്ടില്ലെങ്കിലും മറക്കാനാകാത്ത ഒരു കൊച്ചുമനുഷ്യന്റെ ഓര്‍മ്മകള്‍ ഇടയ്ക്കിടെ ഉയര്‍ന്നുവരുന്നതിനെ രേഖപ്പെടുത്താനാണ് ഇവിടെ തുനിയുന്നത്. നാല്‍പ്പതില്‍പ്പരം കൊല്ലങ്ങള്‍ക്കപ്പുറത്ത് വടകര താലൂക്കിലെ ചിക്കോന്നുമ്മല്‍ എന്ന ഗ്രാമത്തില്‍ താമസിച്ചിരുന്ന പാലോരക്കണ്ടി ഒണക്കന്‍ ഇന്നില്ല. (1959-60-ല്‍) ഞാന്‍ അവിടെ പ്രചാരകനായിരുന്നപ്പോള്‍ അവിടത്തെ സംഘശാഖയുടെ ചുമതല ഒണക്കനായിരുന്നു. അഞ്ചടിയില്‍ താഴെ ഉയരം, സദാ പുഞ്ചിരി കളിയാടുന്ന മുഖം, അഴുക്കിന്റെ ലേശംപോലും പുരളാത്ത ശുഭവസ്ത്രം, അത്യുദാരമായ നിഷ്‌കളങ്ക മനസ്സ്.

ഇതായിരുന്നു ഒണക്കന്‍. തലശ്ശേരി കേന്ദ്രമായി വടക്കെ മലബാറില്‍ പ്രചാരകനായി ചുമതലയേറ്റ എനിക്ക് പയ്യോളി മുതല്‍ കണ്ണൂര്‍ വരെയുള്ള സ്ഥലങ്ങളിലാണ് പോകേണ്ടിയിരുന്നത്. പരിചയമില്ലാത്ത സ്ഥലങ്ങള്‍,  ആളുകള്‍, ജീവിതരീതികള്‍, മലയാള ഭാഷയില്‍ ഞാനതുവരെ അറിഞ്ഞിട്ടില്ലാത്ത സംഭാഷണ ശൈലി. അതിന്റെ സൗകുമാര്യം ഒന്നുവേറെ ആയിരുന്നു. എന്റെ തെക്കന്‍ശൈലി അവിടുത്തുകാര്‍ക്കും കൗതുകമുണ്ടാക്കിയിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ അവിടെ ചെന്നപ്പോഴല്ലേ അറിയുന്നത് എനിക്ക് മുമ്പ് അവിടെ പ്രചാരകന്മാരായിരുന്ന കര്‍ത്താ സാറിന്റെയും ശര്‍മ്മാജിയുടെയും (കെ. രാമചന്ദ്ര കര്‍ത്തായും വി. കൃഷ്ണശര്‍മയും) ഓര്‍മ അവിടെ തിങ്ങിനിറഞ്ഞുനില്‍ക്കുകയായിരുന്നെന്ന്. കര്‍ത്താസാറിന്റെ നര്‍മ്മം അവിടുത്തെ മണല്‍ത്തരികളെയും അന്നാട്ടിലെ ചെടികളെയും ചിരിപ്പിച്ചിരിക്കും. കര്‍ത്താസാറിന്റെ അടുത്ത താലൂക്കുകാരനാണ്  ഞാനെന്നതിനാല്‍ മലയാള ഭാഷണ ശൈലിയില്‍ സാമ്യമുണ്ടെന്നവര്‍ കണ്ടുപിടിച്ചു. പാലോരക്കണ്ടി ഒണക്കന്റെ അമ്മയാണതാദ്യം പറഞ്ഞതും.......... 

........ശാഖകഴിഞ്ഞു ഒണക്കനുമൊത്തു വീട്ടിലെത്തിയപ്പോള്‍ ഒണക്കന്റെ അമ്മ പുറത്തുവന്നു. ഒറ്റമുണ്ട്, മാറുമറയ്ക്കാന്‍ കഴുത്തില്‍ വട്ടത്തില്‍ കെട്ടിയ കുറിയ മുണ്ട്, തലമുടി മുന്നോട്ടു കെട്ടിവച്ചിരിക്കുന്നു, കാതു വളര്‍ത്തിയിട്ടുണ്ട്. മണ്ണെണ്ണ വിളക്കു പൊക്കി നോക്കി എന്നെക്കണ്ടപ്പോള്‍ ''ങ്ങളീട മിന്നം മിന്നമാ?'' എന്ന ചോദ്യത്തോടെയാണ് എതിരേറ്റത്. അതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല. 'മിന്നം മിന്നം' എന്നാല്‍ ഒന്നാമതായി എന്നാണെന്ന് ഒണക്കന്‍ മനസ്സിലാക്കിത്തന്നു. എന്റെ വര്‍ത്തമാന രീതിയില്‍ നിന്ന് ഞാന്‍ കര്‍ത്താ സാറിന്റെ നാട്ടുകാരനാണെന്നവര്‍ ഊഹിച്ചു. അക്ഷരം പഠിക്കാത്തവരെങ്കിലും നൈസര്‍ഗികമായ ബുദ്ധികൂര്‍മത എന്നെ വിസ്മയിപ്പിച്ചു........ ഒണക്കന്‍ 'മങ്ങലം കയിക്കാത്ത' തിനു കാരണം കര്‍ത്താസാറാണെന്നവര്‍ പരാതിപ്പെട്ടു. ''ഓനൊരുതീയത്തിയെ കൊണ്ടുവന്നാലേ തനിക്കു വയസ്സുകാലത്ത് ആശ്വാസമുണ്ടാകൂ എന്നമ്മ. അനുജന്‍ ചാത്തു പഠിച്ചു ജോലി കിട്ടിയാല്‍ മംഗലം കഴിച്ച് അമ്മയെ നോക്കുമെന്ന് ഒണക്കന്‍.''

1962-ല്‍ നാഗ്പൂരില്‍ ഡോക്ടര്‍ജിയുടെ സ്മൃതി മന്ദിരം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഒണക്കനും വന്നിരുന്നു....... ചീക്കോന്നു-കൈവേലി പ്രദേശങ്ങള്‍ ഇന്നു മാര്‍ക്‌സിസ്റ്റുകാര്‍ സംഘര്‍ഷമേഖലയാക്കിയിരിക്കയാണ്. അവിടെനിന്നുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ ഞാന്‍ പഴയ ഒണക്കനെ ഓര്‍ക്കും. സംഘത്തിന്റെയും ഹിന്ദു പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയ്ക്ക് അടിത്തറയായിക്കിടക്കുന്ന എത്രയെത്ര ഒണക്കന്മാര്‍, പൊക്കന്മാര്‍, ചാത്തുമാര്‍.

ഒന്നാം സംഘപഥത്തിലെ ചില ഭാഗങ്ങള്‍ ഇവിടെ കൊടുത്തിട്ടില്ല. അനുസ്യൂതമായി മുന്നേറുന്ന ഹിന്ദുത്വധാരയിലെ ഒരു പഴയ ഘട്ടത്തിന്റെ ഏതാനും തുള്ളികളെ ഇവിടെ കാട്ടുകയായിരുന്നു. സംഘപഥം തുടര്‍ന്നു വായിക്കാന്‍ ജന്മഭൂമി വായനക്കാര്‍ക്ക് താല്‍പര്യമുണ്ടെന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ തെളിയിക്കുന്നുണ്ട്. 20 വര്‍ഷം സഞ്ചരിക്കാന്‍  കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യവും, വായനക്കാരുടെ അഭിനന്ദനത്തിന് കൃതജ്ഞതയും രേഖപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.