നാമം ജപിച്ചതിന് തുറങ്കിലടച്ചതിനെതിരെ ജനവിധിയുണ്ടാകും

Saturday 20 April 2019 6:48 pm IST

ആലപ്പുഴ: നാമം ജപിച്ചതിന് കേസെടുത്ത് വിശ്വാസികളെ തുറങ്കിലടച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് പ്രധാനമന്ത്രി പറഞ്ഞത് നൂറു ശതമാനം വസ്തുനിഷ്ഠമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. നൂറുകണക്കിന് വിശ്വാസികളെയാണ് ശബരിമലയില്‍ നാമം ചൊല്ലിയതിന് കേസെടുത്ത് ജയിലില്‍ അടച്ചത്. ജാമ്യം ലഭിക്കാതിരിക്കാന്‍ ഗുരുതരമായ മറ്റു വകുപ്പുകള്‍ കൂടി നാമംചൊല്ലിയവരുടെ പേരില്‍ ചുമത്തുകയും ചെയ്തു. 

അയ്യായിരത്തോളം പേരെയാണ് വധശ്രമക്കേസില്‍ കുടുക്കി തുറങ്കില്‍ അടച്ചത്. ശബരിമലയില്‍ നാമം ചൊല്ലുന്നതിന് നിരോധനാജ്ഞ പ്രകാരം വിലക്കില്ലെന്ന് ഹൈക്കോടതി പോലും വ്യക്തമാക്കിയതാണ്. എന്നിട്ടും സര്‍ക്കാര്‍ പീഡിപ്പിച്ചു. പ്രധാനമന്ത്രിക്കെതിരെ പറയുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഒരേ നാവാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രേതഭൂമിയായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയെ തകര്‍ക്കാന്‍ എല്ലാക്കാലവും സിപിഎം ശ്രമിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയെ അതിന് മറയായി ഉപയോഗിക്കുക മാത്രമാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. തങ്ങള്‍ക്കെതിരായി ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇടതുസര്‍ക്കാര്‍. തനിക്കെതിരെയുള്ള കേസ് വേഗത്തിലാക്കി ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് അഭ്യര്‍ഥിച്ച് താന്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ. സോമനും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.