സുരേന്ദ്രന്‍ വിശ്വാസികളുടെ സ്ഥാനാര്‍ത്ഥി: അമിത് ഷാ

Saturday 20 April 2019 6:53 pm IST
എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അമിത് ഷാ പത്തനംതിട്ടയിലെത്തിയത്. പേമാരിയ്ക്കും,കൊടുങ്കാറ്റിനും ഉലയ്ക്കാന്‍ കഴിയാത്ത വിശ്വാസത്തിന്റെ ബലമാണ് എന്‍ ഡി എ യ്ക്കുള്ളതെന്ന് അമിത് ഷാ പറഞ്ഞു.

പത്തനംതിട്ട: കെ. സുരേന്ദ്രന്‍ ബിജെപിയുടെയോ എന്‍ഡിഎയുടേയോ മാത്രമല്ല രാജ്യത്തെ മുഴുവന്‍ വിശ്വാസികളുടെയും സ്ഥാനാര്‍ത്ഥിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ടയില്‍  എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു നിയോഗമാണ്. ശബരിമലയ്ക്കു  വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്.  കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയില്‍ കാട്ടിക്കൂട്ടിയത് ഒരു വിശ്വാസിക്കും  ക്ഷമിക്കാന്‍ കഴിയില്ല. 5000 അയ്യപ്പഭക്തരെയാണ് ജയിലിലടച്ചത്. അവര്‍ എന്ത് തെറ്റാണ് ചെയ്തത്?  ഇത് പൊറുക്കാന്‍ കഴിയില്ല. ഇതിനെതിരെ ജനങ്ങള്‍ പ്രതികരിച്ചിരിക്കും, അദ്ദേഹം പറഞ്ഞു. 

ഉത്തരേന്ത്യയിലെ എന്‍ഡിഎയുടെ ശക്തികേന്ദ്രങ്ങളെപ്പോലും അനപരപ്പിക്കുന്ന തരത്തില്‍ വന്‍ജനാവലിയാണ് റോഡ്‌ഷോയില്‍ അണിനിരന്നത്.  സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയവുമായി.

ഇന്നലെ 3.30ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഗ്രൗണ്ടില്‍  ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങിയ ബിജെപി ദേശീയ അദ്ധ്യക്ഷനെ എന്‍ഡിഎ നേതാക്കള്‍ സ്വീകരിച്ചു.  നാലു മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ സമീപത്തുനിന്ന് അലങ്കരിച്ച വാഹനത്തിലേക്ക്് കയറി. ഇതോടെ നേരത്തേമുതല്‍ കാത്തുനിന്ന സ്ത്രീകളടക്കമുള്ളവര്‍ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. റോഡ്‌ഷോ അബാന്‍ ജംഗ്ഷനില്‍ എത്തിയതോടെ കോരിച്ചൊരിയുന്ന മഴപെയ്തിട്ടും കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം അമിത്ഷായെ സ്വീകരിക്കാനും റോഡ്ഷോയില്‍ പങ്കെടുക്കാനും തയ്യാറായത് ബിജെപി അണികളില്‍ ആവേശം പടര്‍ത്തി. 

തുടര്‍ന്ന്  അമിത് ഷാ രഥത്തിലിരുന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.  പത്തനംതിട്ടയിലെ പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്ജ് എംഎല്‍എ,  ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, എന്‍ഡിഎ ലോക്‌സഭാ മണ്ഡലം കണ്‍വീനര്‍ ടി.ആര്‍. അജിത് കുമാര്‍, ചെയര്‍മാന്‍ കെ. പത്മകുമാര്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്, തെന്നിന്ത്യന്‍ നടന്‍ കൗശിക് ബാബു തുടങ്ങിയവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.