അപകീര്‍ത്തികരമായ പരാമര്‍ശം;ഐസക്കിനെതിരെ ആര്‍എസ്എസ് പരാതി നല്‍കി

Saturday 20 April 2019 7:58 pm IST

കൊല്ലം: ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രി തോമസ് ഐസക്കിനെതിരെ കൊല്ലം മഹാനഗര്‍ സംഘചാലക് ആര്‍. ഗോപാലകൃഷ്ണന്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

കഴിഞ്ഞ 19ന് കൊല്ലത്ത് നടത്തിയ പത്രസമ്മേളനത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച ആര്‍എസ്എസിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി തേടുന്നത് രാഷ്ട്രീയമര്യാദയ്ക്ക് ചേര്‍ന്നതാണോ എന്ന് ഐസക് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് പരാതി. 

മഹാത്മാഗാന്ധി വധത്തില്‍ ആര്‍എസ്എസിന് യാതോരു പങ്കുമില്ലെന്ന് കോടതിവിധികളും കമ്മീഷന്‍ റിപ്പോര്‍ട്ടുകളും നിലവിലുണ്ട്. നേരത്തെ ഇത്തരം ആരോപണം ഉന്നയിച്ചവര്‍ മാപ്പു പറഞ്ഞ് തടിയൂരിയത് അറിയാവുന്ന മന്ത്രി തോമസ് ഐസക്, വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് പരാമര്‍ശം നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. 

മന്ത്രി തോമസ് ഐസക്കിനും ഈ വാര്‍ത്ത അച്ചടിച്ച് പ്രചരിപ്പിച്ച ദേശാഭിമാനി പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ കെ.ജെ. തോമസ്, എഡിറ്റര്‍ പി. രാജീവ് എന്നിവര്‍ക്കുമെതിരെ അഡ്വ.ജി. ഗോപകുമാര്‍ മുഖേന ആര്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചു.

ഏഴ് ദിവസത്തിനുള്ളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.