ഹാര്‍ദികിനും രാഹുലിനും ഇരുപത് ലക്ഷം പിഴ

Saturday 20 April 2019 8:42 pm IST

ന്യൂദല്‍ഹി: ചാനല്‍ പരിപാടിയില്‍ സ്ത്രിവിരുദ്ധ പരാമര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും ഇരുപത് ലക്ഷം രൂപാ വീതം പിഴ നല്‍കണമെന്ന് ബിസിസിഐ ഓംബുഡ്്‌സ്മാന്‍ ഡി.കെ. ജെയിന്‍ വിധിച്ചു. ഇതോടെ ഇരുവരുടെയും സല്‍കീര്‍ത്തിക്ക് കോട്ടം വരുത്തിയ വിവാദസംഭവത്തിന് വിരാമമായി.

ബിസിസിഐയുടെ വെബ്‌സൈറ്റിലാണ് ശിക്ഷ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. പാണ്ഡ്യക്കും രാഹുലിനും എതിരെ കൂടുതല്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ജോലിക്കിടെ കൊല്ലപ്പെട്ട അര്‍ധ- സൈനിക വിഭാഗത്തിലെ പത്ത് കോണ്‍സ്റ്റബിള്‍മാരുടെ വിധവകള്‍ക്ക് രാഹുലും പാണ്ഡ്യയും ഓരോ ലക്ഷം രൂപാ വീതം നല്‍കണം.

കൂടാതെ അന്ധന്മാരുടെ ക്രിക്കറ്റ്  അസോസിയേഷന്‍ ഫണ്ടില്‍  പത്ത് ലക്ഷം രൂപാ വീതം നിക്ഷേപിക്കണം. ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയ ഏപ്രില്‍ 19 മുതല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ തുക നല്‍കണം. അല്ലെങ്കില്‍ ഇവരുടെ മത്സരത്തുകയില്‍ നിന്ന് ബിസിസിഐ പിഴ ഈടാക്കണമെന്ന് ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ രാഹുലിനും പാണ്ഡ്യക്കും ലോകകപ്പില്‍ കളിക്കാനാകും. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ബിസിസിഐ രാഹുലിനും പാണ്ഡ്യക്കും താല്‍ക്കാലിക വിലക്ക്  ഏര്‍പ്പെടുത്തിയിരുന്നു.

വിലക്കിന്റെ സമയത്ത് ഇരുവരും വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു. പിന്നീട് വിലക്ക് നീക്കി.ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കായി പതിനൊന്ന് ടെസ്റ്റും 45 ഏകദിനങ്ങളും 38 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. രാഹുല്‍ 34 ടെസ്റ്റും പതിനാല് ഏകദിനങ്ങളും 27 ട്വന്റി 20 മത്സരങ്ങള്‍ കളിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.