പ്രളയപുനരധിവാസം പരാജയം; ഒരു വീടും പൂര്‍ത്തിയാക്കാനാകാതെ സര്‍ക്കാര്‍

Sunday 21 April 2019 9:48 am IST
മഹാപ്രളയം ദുരന്തം വിതച്ചിട്ട് എട്ടു മാസങ്ങള്‍ പിന്നിട്ടു. ഇതുവരെ സര്‍ക്കാരിന് ഒരു വീട് പോലും പൂര്‍ത്തീകരിക്കാന്‍കഴിഞ്ഞിട്ടില്ല. സേവാഭാരതി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ ഇതിനകം നിരവധി വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അനാസ്ഥ മറനീക്കുന്നത്

ആലപ്പുഴ: പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ നിവൃത്തിയില്ലാതെ സ്വന്തം വൃക്ക വില്‍ക്കേണ്ട ഗതികേടില്‍ എത്തിച്ചേര്‍ന്ന ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി തണ്ണിക്കോട്ടില്‍ ജോസഫിനെ കേരളം മറന്നിട്ടില്ല. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ആയിരങ്ങളുടെ പ്രതിനിധിയാണ് ജോസഫ്. വീട് പൂര്‍ണമായും തകര്‍ന്നിട്ടും ഒരു രൂപയുടെ പോലും സര്‍ക്കാര്‍ സഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് ജോസഫിന് ഇങ്ങനെ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വന്നത്.

മഹാപ്രളയം ദുരന്തം വിതച്ചിട്ട് എട്ടു മാസങ്ങള്‍ പിന്നിട്ടു. ഇതുവരെ സര്‍ക്കാരിന് ഒരു വീട് പോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സേവാഭാരതി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ ഇതിനകം നിരവധി വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അനാസ്ഥ മറനീക്കുന്നത്. നിലവില്‍ അയ്യായിരത്തോളം പേര്‍ക്ക് പതിനായിരം രൂപയുടെ അടിയന്തര സഹായം പോലും ലഭിച്ചില്ലെന്നാണ് പരാതികള്‍ വ്യക്തമാക്കുന്നത്. പ്രളയ ദുരിതാശ്വാസം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു എന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഇവ.  

വീട് തകര്‍ന്നവരില്‍ റീ ബില്‍ഡ് ആപ്പില്‍ ഉള്‍പ്പെട്ടവരും, ഉള്‍പ്പെടാത്ത കുടുംബങ്ങളും ധനസഹായം ലഭിക്കാതെ വലയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഇവര്‍ക്ക് ധനസഹായം എന്ന് ലഭിക്കുമെന്ന് യാതൊരു അറിവുമില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യം ഉണ്ടാകുമെന്നും അതിനാല്‍ വീട് തകര്‍ന്നവര്‍ക്ക് ആദ്യ ഗഡു സഹായമെങ്കിലും ഇതിന് മുമ്പ് നല്‍കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ സഹായം നല്‍കുന്നത് വൈകി.

വീട് തകര്‍ന്നവരുടെ പട്ടിക പൂര്‍ത്തിയാക്കുകയും ആദ്യ ഗഡു തുക തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് നല്‍കുകയും ചെയ്തിരുന്നെങ്കില്‍ പെരുമാറ്റച്ചട്ടം സഹായം നല്‍കുന്നതിന് ബാധകമാകില്ലായിരുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മഴക്കാലവും തുടങ്ങും. സഹായം ലഭിക്കാത്തവര്‍ വീണ്ടും ദുരിതത്തിലാകാനാണ് സാധ്യത. 15 ശതമാനത്തിലധികം പേര്‍ക്ക് അക്കൗണ്ടില്‍ ഇനിയും പണം എത്തിയിട്ടില്ല. നാശനഷ്ടത്തിന്റെ തോത് അനുസരിച്ച് 1000 മുതല്‍ നാലു ലക്ഷം രൂപ വരെയാണ് ധനസഹായം നല്‍കുന്നത്. 

റീബില്‍ഡ് ആപ്പ്  വിവര ശേഖരണം എങ്ങുമെത്തിയില്ല

റീബില്‍ഡ് ആപ്പിന്റെ വിവരശേഖരണം പൂര്‍ത്തിയായിട്ടുമില്ല. ആലപ്പുഴ ജില്ലയില്‍ 61,989 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായതെന്ന് റീ ബില്‍ഡ് ആപ്പിലെ കണക്കുകള്‍ പറയുന്നു. പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ വില്ലേജ് ഓഫീസറും പഞ്ചായത്ത് എഞ്ചിനീയറും ചേര്‍ന്ന് സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാണ് അര്‍ഹരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. നിരവധി പേര്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയാണ്. പ്രളയത്തില്‍ വീട് തകര്‍ന്നിട്ടും നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് അപ്പീല്‍.

രണ്ടാം ഘട്ടത്തില്‍ ഈ അപേക്ഷകള്‍ അനര്‍ഹപട്ടികയില്‍ ഉള്‍പ്പെട്ടു. അപ്പീലുകള്‍ പഞ്ചായത്തുകളാണ് സ്വീകരിക്കുന്നത്. ഇതില്‍ പരിശോധന പൂര്‍ത്തിയാകുന്നതുവരെ വീട്ടില്‍ യാതൊരു പണിയും നടത്താന്‍ കഴിയില്ല. പുനഃപരിശോധന കഴിഞ്ഞ് ലിസ്റ്റില്‍ ഇടം നേടിയാലും റീ ബില്‍ഡ് ആപ്പില്‍ ആദ്യം ഉള്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കിയതിനു ശേഷമേ അപ്പീലുകാരെ പരിഗണിക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.

എന്നാല്‍, വീടിന് നാശനഷ്ടമുണ്ടാകാത്തവര്‍ കൂട്ടത്തോടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിവര ശേഖരണത്തിലും ആപ്പ് തയാറാക്കിയതിലും വ്യാപക പിശക് സംഭവിച്ചുവെന്നുമാണ് അപ്പീല്‍ നല്‍കിയവരുടെ ആരോപണം. രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ നാശനഷ്ടമുണ്ടായവര്‍ക്കും അതില്‍ കൂടുതലും കുറഞ്ഞതുമായ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കും ആകെ ലഭിച്ചത് 10000 രൂപയാണ്.

കര്‍ഷകരെയും കബളിപ്പിച്ചു

പ്രളയാനന്തരം കര്‍ഷകരെ കരകയറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളെല്ലാം പതിരായി. പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് അടുക്കാറായിട്ടും സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കുടിശ്ശികയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. വിവിധയിനങ്ങളിലായി വര്‍ഷങ്ങള്‍ മുമ്പുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിക്കാത്ത സ്ഥിതിവിശേഷമാണ്.

പ്രളയത്തില്‍ രണ്ടാംകൃഷി പൂര്‍ണമായും നശിച്ച കര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ ഇനിയും വിതരണം ചെയ്തിട്ടില്ല. കൃഷിയുടെ ആരംഭത്തില്‍ ഏക്കറിന് നൂറുരൂപ പ്രകാരം കൃഷിഭവനുകളില്‍ അടച്ച് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തിയ കര്‍ഷകരാണ് സഹായധനത്തിനായി കാത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കൃത്യമായി അടയ്ക്കാത്തതാണ് പ്രതിസന്ധിയായത്.

പ്രളയത്തില്‍ പാടത്ത് അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി ഏക്കറിന് 4,800 രൂപ പ്രഖ്യാപിച്ചിരുന്നു. ചില കൃഷിഭവനുകളിലെ അപൂര്‍വം പാടശേഖരങ്ങളില്‍ മാത്രമേ ഇത് വിതരണം ചെയ്തിട്ടുള്ളുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.