ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം എട്ടിടങ്ങളില്‍ സ്ഫോടനം: 207 മരണം; ഏഴ് പേര്‍ അറസ്റ്റില്‍

Sunday 21 April 2019 10:35 am IST
സെന്റ് ആന്റണീസ് പള്ളിയിലും കാട്‌നയിലെ മറ്റൊരു ദേവാലയത്തിലുമാണ് സ്‌ഫോടനം ഉണ്ടായത്. അതിനിടെ ഷാന്‍ഗ്രി-ലാ, കിങ്‌സ്ബറി തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനങ്ങള്‍ നടത്തതായി റിപ്പോര്‍ട്ടുണ്ട്.

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടത്തുണ്ടായ സ്‌ഫോടനങ്ങളില്‍ മലയാളിയുള്‍പ്പെടെ 207 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. 400ലധികം പേര്‍ക്ക് പരിക്ക്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 

കാസര്‍കോട് മൊഗ്രാല്‍ പുത്തൂരിലെപരേതനായ പി.എസ്. അബ്ദുള്ളയുടെ മകള്‍ റസീനയാണ് കൊല്ലപ്പെട്ടത്.  ഷാന്‍ഗ്രി-ലാ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിലാണ് റസീന മരിച്ചത്. ഭര്‍ത്താവ് ഖാദര്‍ കുക്കിടുക്കൊപ്പമാണ് റസീന ഈ ഹോട്ടലില്‍ താമസിച്ചിരുന്നത്. ഖാദര്‍ രാവിലെ  ദുബായിയിലേക്ക് പോയിരുന്നു. ഹോട്ടലില്‍ നിന്ന് കൊളംബോയിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ലങ്കയിലെ ഇസ്ലാമിക ഭീകരസംഘടനയായ നാഷണല്‍ തൗഹീത്ത് ജമാഅത്ത് ആണ് സംഭവത്തിനു പിന്നിലെന്നു സൂചന. ഈസ്റ്റര്‍ ദിനത്തില്‍ പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു പള്ളികളിലെ സ്‌ഫോടനം. കൊല്ലപ്പെട്ടവരില്‍ 35 വിദേശികളുമുണ്ട്. 

രാവിലെ കൊളംബോയിലെ ഷാന്‍ഗ്രി-ലാ, കിങ്‌സ്ബറി, സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലുകളിലാണ് ആദ്യം സ്‌ഫോടനമുണ്ടായത്. പിന്നീട്  8.45ന് വടക്കന്‍ കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ്, കിഴക്കന്‍ പ്രവിശ്യയിലെ ഇവാഞ്ചലിക്കല്‍,  കോച്ചിക്കാടിലെ സെന്റ് ആന്റണീസ് പള്ളികളില്‍ സ്‌ഫോടനമുണ്ടായി. ഉച്ചയ്ക്കു ശേഷം കൊളംബോയുടെ തെക്ക് ഭാഗത്ത് ദേശീയ മൃഗശാലയ്ക്കു സമീപത്തെ ഹോട്ടലിലും ഹൗസിങ് കോളനിയിലും വീണ്ടും സ്‌ഫോടനങ്ങളുണ്ടായി. 

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് കൊളംബോയില്‍ സുരക്ഷ ശക്തമാക്കി. രാജ്യത്താകെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. സംഭവത്തിനു പിന്നിലുള്ളവരെയും അവരുടെ ലക്ഷ്യവും കണ്ടെത്താന്‍ പോലീസിനും സൈന്യത്തിനും നിര്‍ദേശം നല്‍കിയെന്ന് രാഷ്ട്രപതി മൈത്രിപാല സിരിസേന പറഞ്ഞു.

ദീര്‍ഘനാളത്തെ ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയില്‍ നിന്ന് മുക്തമായി സമാധാനത്തിലേക്ക് പ്രവേശിച്ച സമയത്തുണ്ടായ സ്‌ഫോടനം ലങ്കന്‍ ജനതയെ ഞെട്ടിച്ചു. നയതന്ത്ര കാര്യാലയങ്ങള്‍ക്കും വിമാനത്താവളത്തിനും കാവല്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. 

സംഭവത്തില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തതായി പ്രതിരോധമന്ത്രി രുവാന്‍ വിജേവര്‍ദ്ധനെ പറഞ്ഞു. എല്ലാ കുറ്റവാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സ്‌ഫോടനത്തിനു പിന്നില്‍ മതതീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എല്ലാ സ്‌ഫോടനങ്ങളും ആസൂത്രണം ചെയ്തത് ഒരേ സംഘമാണ്. അക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു.

അമേരിക്കയില്‍ എഞ്ചിനീയര്‍മാരായ ഫറ, കാന്‍ഫര്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട റസീനയുടെ  മക്കള്‍. സഹോദരങ്ങള്‍ ബഷീര്‍(ശ്രീലങ്ക), സുലു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.