സംസ്ഥാന രാഷ്ട്രീയത്തിന്റെ നിലനില്‍പ്പ് മാണ്ഡ്യയിലെ വിജയത്തെ ആശ്രയിച്ച്

Sunday 21 April 2019 11:23 am IST

ബെംഗളൂരു: സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ നിലനില്‍പ്പ് മാണ്ഡ്യയിലെ വിജയത്തെ ആശ്രയിച്ചിരിക്കും. ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ത്ഥിയായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയും ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലതാ അംബരീഷും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് മാണ്ഡ്യയില്‍ നടന്നത്.

ശക്തമായ മത്സരത്തില്‍ സുമലതയ്ക്കനുകൂലമായ നിലപാടുകളാണ് മണ്ഡലത്തില്‍ ഭൂരിഭാഗം സ്ഥലത്തും ഉയര്‍ന്നത്. സുമലതയ്ക്കനുകൂലമായിട്ട് സിനിമാ താരങ്ങളായ ദര്‍ശന്‍, യാഷ് എന്നിവര്‍ പരസ്യമായ പ്രചരണത്തിനെത്തി. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ പല നേതാക്കളും സുമലതയ്ക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ പേരില്‍ കെപിസിസി അംഗം ഉള്‍പ്പെടെ 15 പേരെ സസ്‌പെന്‍ഡ് ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി വന്ന പരിപാടിയില്‍ നിന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാവുമായ ചേലുവരയ സ്വാമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നു. ഇതെല്ലാം മണ്ഡലത്തില്‍ വലിയ ചര്‍ച്ചയായി. 

 

   കൊട്ടിക്കലാശത്തില്‍ പോലും കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചിത്രവും ഉപയോഗിച്ച് കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുമലയ്‌ക്കൊപ്പം പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ സഖ്യത്തിനുള്ളില്‍ വലിയ വിള്ളല്‍ വീഴുകയായിരുന്നു. ഇത് മാണ്ഡ്യ, ഹാസന്‍, മൈസൂരു മണ്ഡലങ്ങളില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളില്‍ ദൃശ്യമായിരുന്നു. ഇത് പലസമയത്തും സഖ്യത്തിന്റെ മുന്നോട്ടുള്ള പോക്ക് വിഷമകരമാകും എന്ന രീതിയില്‍ മുഖ്യമന്ത്രിയും ദേവഗൗഡയും സിദ്ധരാമയ്യയും പല വേദികളിലും സംസാരിക്കുകയുണ്ടായി. മാണ്ഡ്യയില്‍ നിഖില്‍ കുമാരസ്വാമി പരാജയപ്പെട്ടാല്‍ അത് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവെക്കും. 

അതൊടൊപ്പം തന്നെ കോണ്‍ഗ്രസ് ജെഡിഎസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം വ്യാപിക്കാനും സാധ്യതയുണ്ട്. അതിനാല്‍ മാണ്ഡ്യയിലെ വിജയത്തെ ആസ്പദമാക്കിയായിരിക്കും സംസ്ഥാനത്തെ സഖ്യത്തിന്റെ മുന്നോട്ടുള്ള പോക്ക്. ഇതോടൊപ്പം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഒരുമിച്ച ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിലൂടെ നേരിട്ട ആദ്യത്തെ പൊതു തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്. എന്നാല്‍ ഇതില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇരുകൂട്ടരും സഖ്യത്തിലായത്.

ഫലത്തില്‍ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ് ജെഡിഎസ് നേതൃത്വങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ അണികളെ ഒരുമിപ്പിക്കാനോ, സംയുക്തമായ പ്രചരണം നടത്തുവാനോ സംസ്ഥാനത്ത് ആവേശം സൃഷ്ടിക്കുവാനോ സാധിച്ചില്ല. ഇതിന്റെ ഫലമായിട്ട് മുന്നേറ്റം പ്രതീക്ഷിച്ചിടത്ത് വലിയ പരാജയത്തിലേക്ക് മുന്നണികള്‍ പോകുന്ന സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്. പല സ്ഥലത്തും പരമ്പരാഗത വൈരികളായ ജെഡിഎസും കോണ്‍ഗ്രസും സ്വന്തം സഖ്യസ്ഥാനാര്‍ത്ഥിക്ക് എതിരെ പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കണ്ടത്.     

ഇതോടൊപ്പം തന്നെ ജെഡിഎസ് അധ്യക്ഷന്‍ മത്സരിച്ച തുമകൂരുവിലും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. തുമകൂരുവിലെ സിറ്റിംഗ് എംപിയായ മുദ്ധഹനുമെഗൗഡ വിമത സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ബന്ധപ്പെട്ട ശേഷം പത്രിക പിന്‍വലിപ്പിച്ചെങ്കിലും അവിടെ കോണ്‍ഗ്രസിന്റെ നേതാക്കള്‍ ആരുംതന്നെ ദേവഗൗഡയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയില്ല. ഇതൊക്കെ കാരണം ഇരുകൂട്ടര്‍ക്കുമിടയില്‍ വലിയ വിള്ളലാണ് ഉണ്ടാക്കിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.