ശ്രീലങ്കയിലെ ഭീകരാക്രമണം :ഇനിയും സ്‌ഫോടനമുണ്ടാകും; ജാഗ്രത നിര്‍ദ്ദേശവുമായി പോലീസ്

Sunday 21 April 2019 2:25 pm IST

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പയ്ക്ക് പിന്നാലെ ഇനിയും ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശ്രീലങ്കയിലുള്ള വിദേശികളടക്കമുള്ളവരോട് താമസസ്ഥലം വിട്ട് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം.

സ്ഫോടനത്തിന്റെ ഇരകളില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടിടുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ സുരക്ഷാ സേന പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഈസ്റ്റര്‍ ദിനത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെ ഇന്ന് രാവിലെ 8.45നാണ് സ്ഫോടന പരമ്പര ഉണ്ടായത്. ഇതില്‍ ഏതാണ്ട് 156 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക കണക്ക്.

അതേസമയം, ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയെ അതിശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പൈശാചികമായ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരുക്ക് പറ്റിയവരുടെയും കുടുംബാംഗങ്ങള്‍ക്കുവേണ്ടിയാണ് തന്റെ പ്രാര്‍ത്ഥനയെന്നും മോദി പറഞ്ഞു.

സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ശ്രീലങ്കയിലെ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി സുഷമസ്വരാജും വ്യക്തമാക്കി. കൊളംബോയിലുള്ള ഇന്ത്യക്കാര്‍ക്കുവേണ്ടി വിദേശകാര്യ മന്ത്രാലയം ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.