കൊളംബോയിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും

Sunday 21 April 2019 2:58 pm IST

കാസര്‍കോട്: ശ്രീലങ്കയിലെ കൊളംബോയില്‍ ക്രിസ്റ്റ്യന്‍ പള്ളികളിലും ഹോട്ടലുകളിലും ഉണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയും. മൊഗ്രാല്‍പുത്തൂരിലെ പരേതനായ പി.എസ് അബ്ദുല്ലയുടെ മകള്‍ റസീന(58)യാണ് മരിച്ചത്. ദുബായിലായിരുന്ന റസീനയും ഭര്‍ത്താവ് ഖാദര്‍ കുക്കാറും അവധിയായതിനാല്‍ കൊളംബോയിലെ ബന്ധുക്കളെ കാണാന്‍ കുറച്ച് ദിവസം മുമ്പ് എത്തിയതായിരുന്നു. ഖാദര്‍ രാവിലെ ദുബായിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ റസീന പിന്നീട് ചെക്ക് ഔട്ട് ചെയ്ത് കൊളംബോയിലെ ബന്ധുവീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഷാന്‍ഗ്രില പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ബന്ധു ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് സ്ഫോടന വിവരം അറിഞ്ഞത്. 

റസീന ഇന്നലെ സ്ഫോടനം നടന്ന ഹോട്ടലിലെ റെസ്റ്റോറന്റില്‍ വെച്ച് പ്രഭാതഭക്ഷണം കഴിച്ചിരുന്നതായി ഹോട്ടലില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ റസീനയെ റൂമിലും ഹോട്ടലിലും കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പരിക്കേറ്റവരെ കൊണ്ടുപോയ ആശുപത്രിയിലേക്ക് പോയെങ്കിലും ആദ്യം വിവരമൊന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് മരിച്ചവരുടെ കൂട്ടത്തില്‍ റസീന ഉള്‍പ്പെട്ടതായി വിവരം ലഭിച്ചത്. ബന്ധുക്കളെത്തി ഇവരുടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. അമേരിക്കയില്‍ എഞ്ചിനീയര്‍മാരായ ഫറ, കാന്‍ഫര്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ ബഷീര്‍(സിലോണ്‍), സുലു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.