കൊട്ടിക്കലാശം ആവേശമാക്കി മുന്നണികള്‍; പലയിടത്തും സംഘര്‍ഷങ്ങള്‍

Sunday 21 April 2019 6:38 pm IST
തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ പ്രചാരണ വാഹനത്തിനു നേരെ ചെരുപ്പേറ് ഉണ്ടായി. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്ന് ബിജെപി വിമര്‍ശിച്ചു. കൂടാതെ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ഗ തടസം സൃഷ്ടിച്ചതും സംഘര്‍ഷത്തിനിടയാക്കി.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ അവസാന മണിക്കൂറുകള്‍ ആവേശമാക്കി മുന്നണികള്‍. പലയിടങ്ങളിലും സംഘര്‍ഷ സംഭവങ്ങളും അരങ്ങേറി.

തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ പ്രചാരണ വാഹനത്തിനു നേരെ ചെരുപ്പേറ് ഉണ്ടായി. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്ന് ബിജെപി വിമര്‍ശിച്ചു. കൂടാതെ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ഗ തടസം സൃഷ്ടിച്ചതും സംഘര്‍ഷത്തിനിടയാക്കി. റോഡ് ഷോ നടത്താനെത്തിയ ശശി തരൂരിന്റെയും, എ.കെ. ആന്റണിയുടെയും വാഹനങ്ങള്‍ സിപിഎമ്മുകാര്‍ തടഞ്ഞു. പലയിടങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ മറ്റു പാര്‍ട്ടികളുടെ റോഡ് ഷോകള്‍ തടയാനുള്ള ശ്രമങ്ങള്‍ നടത്തി. തൊടുപുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം കല്ലേറ് നടത്തി. തടയാന്‍ ശ്രമിച്ച പോലീസുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. പൊന്നാനിയില്‍ എല്‍ഡഎഫ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്റെ പ്രചാരണ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എഎസ്ഐയ്ക്കു പരിക്കേറ്റു. മട്ടന്നൂരിലും എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇവിടെ പോലീസ് നാല് തവണയാണ് ഗ്രനേഡ് പ്രയോഗിച്ചത്.

കാസര്‍ഗോഡ് ഉദുമയില്‍ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇവിടെയും പോലീസ് ഒന്നിലേറെ തവണ ഗ്രനേഡ് പ്രയോഗിച്ചു. കൊച്ചിയില്‍ പാലാരിവട്ടത്ത് എല്‍ഡിഎഫ്- എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവല്ലയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞതും സംഘര്‍ഷത്തിന് വഴിവെച്ചു. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. 

വടകര വില്യാപള്ളിയിലും എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറത്തും മണ്ണാര്‍കാട്ടും പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റമുട്ടി. മലപ്പുറത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും മണ്ണാര്‍കാട്ട് യുഡിഎഫ് പ്രവര്‍ത്തകരുമാണ് പോലീസിനെതിരെ തിരിഞ്ഞത്.

സംസ്ഥാനത്ത് രണ്ട് കോടി 61 ലക്ഷത്തില്‍പരം(2,61,51,534) പേരാണ് ചൊവ്വാഴ്ച വോട്ടവകാശം വിനിയോഗിക്കുന്നത്. വോട്ടര്‍മാരില്‍ ഒരു കോടി 26 ലക്ഷം പേര്‍(1,26,84,839) പുരുഷമാരും ഒരു കോടി 34 ലക്ഷം പേര്‍(1,34,66,521) സ്ത്രീകളും 174 പേര്‍ ഭിന്നലിംഗക്കാരുമാണ്. ഇതില്‍ രണ്ട് ലക്ഷത്തി 88ആയിരം കന്നിവോട്ടര്‍മാരാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വോട്ടര്‍മാരും കൂടുതല്‍ പോളിങ് സ്റ്റേഷനുകളുമുള്ളത്.

24, 970 പോളിങ് ബൂത്തുകളില്‍ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഉണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കണ്‍ട്രോള്‍ യൂണിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജീകരിക്കും.

സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെ വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം കോഴിക്കോട്  ജില്ലാ കളക്റ്റര്‍ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു.  23ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.