ധര്‍മരക്ഷാ പ്രതിജ്ഞയുമായി ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനം സമാപിച്ചു

Monday 22 April 2019 1:15 am IST

തൃശൂര്‍: ജീവരാശിയുടെ നിലനില്‍പ്പിന് ആധാരമായ ധര്‍മം എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയുമായി സനാതന ധര്‍മപരിഷത്ത് സംഘടിപ്പിച്ച നാലാമത് ആറാട്ടുപുഴ ഹിന്ദുമഹാ സമ്മേളനം സമാപിച്ചു. വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 

സനാതനധര്‍മം വലിയ തോതില്‍ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സനാതനധര്‍മത്തിന്റെ നിലനില്‍പ്പ് പലരേയും അലോസരപ്പെടുത്തുന്നു. ലോകത്തിന് ഏറ്റവും വിശാലമായ സന്ദേശങ്ങള്‍ പകര്‍ന്ന് കൊടുത്തത് സനാതനധര്‍മമാണ്. ഇത് നശിക്കാതെ നില്‍ക്കുന്നതാണ് ഭാരതത്തിന്റെ അജയ്യതയ്ക്ക് കാരണം. ഇതു തന്നെയാണ് വൈദേശിക ബന്ധമുള്ള തല്‍പ്പരകക്ഷികളെ പ്രകോപിപ്പിക്കുന്നതും. ഭാരതം നശിച്ചുകാണാന്‍ ആഗ്രഹിക്കുന്നവരാണവര്‍. സനാതനധര്‍മം നശിച്ചാലേ ഭാരതം നശിക്കൂ എന്നവര്‍ക്കറിയാം. അതു നശിപ്പിക്കാന്‍ എത്ര തരംതാണ പണികളും അവര്‍ ചെയ്യും. ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ധര്‍മസംരക്ഷകര്‍ക്ക് കഴിയണം എന്നും അദ്ദേഹം പറഞ്ഞു. 

ചേറ്റുപുഴ അഭേദാനന്ദാശ്രമം മഠാധിപതി സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി ദീപം തെളിയിച്ചു. സനാതന ധര്‍മപരിഷത്ത് ചെയര്‍മാന്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അധ്യക്ഷത വഹിച്ച യോഗത്തില്‍ വേദാന്താചാര്യന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി പ്രഭാഷണം നടത്തി. സ്വാമി മൃഡാനന്ദ സ്മാരക ആധ്യാത്മിക പുരസ്‌കാരം പി. ചിത്രന്‍ നമ്പൂതിരിപ്പാടിനും കെ.പി. കൊച്ചുകൃഷ്ണഗണകന്‍ സ്മാരക സംസ്‌കൃത പ്രചാര പുരസ്‌കാരം ഡോ. പി.കെ. ശ്യാമളയ്ക്കും സമര്‍പ്പിച്ചു. കാനാടി മഠത്തിലെ ഡോ. വിഷ്ണുഭാരതീയ സ്വാമി ഭവന നിര്‍മാണ നിധി സമര്‍പ്പിച്ചു. 

രാവിലെ ഒന്‍പതിന് വൃക്ഷപൂജയോടെയാണ് സമാപന പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് 'പഞ്ചമഹായജ്ഞം' എന്ന വിഷയത്തില്‍ വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ, 'കാലാതീതമായ ഹിന്ദുധര്‍മം', എന്ന വിഷയത്തില്‍ ഒ.എസ്. സതീഷ്, 'മതപരിവര്‍ത്തകര്‍ വിതയ്ക്കുന്ന അശാന്തിയുടെ വിഷവിത്തുകള്‍' എന്ന വിഷയത്തില്‍ ആര്‍ഷ വിദ്യാസമാജം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഒ. ശ്രുതി എന്നിവര്‍ പ്രഭാഷണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.