കെ. സുരേന്ദ്രനു നേരെ സിപിഎം,എസ്ഡിപിഐ ആക്രമണം

Monday 22 April 2019 1:35 am IST

പത്തനംതിട്ട: തിരുവല്ലയിലും കാഞ്ഞിരപ്പളളിയിലും സ്ഥാനാര്‍ത്ഥിക്കും എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം-എസ്ഡിപിഐ ആക്രമണം. കാഞ്ഞിരപ്പളളിയില്‍ റോഡ്ഷോ നടത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെ സിപിഎം-എസ്ഡിപിഐ സംഘം പോലീസ് നോക്കിനില്‍ക്കെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. 

തിരുവല്ലയില്‍ സിപിഎം നടത്തിയ കല്ലേറില്‍ സ്ത്രീകളടക്കം പതിനെട്ടുപേര്‍ക്ക് പരിക്കേറ്റു. പലരുടെയും തലയ്ക്കാണ് പരിക്ക്. സംഭവത്തെ തുടര്‍ന്ന് പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ജനറല്‍ സെക്രട്ടറി ഷാജി ആര്‍. നായര്‍ എന്നിവര്‍ തിരുവല്ല ആര്‍ഡിഒ ഓഫീസിന് മുന്‍പില്‍ സത്യഗ്രഹം ആരംഭിച്ചു. കാഞ്ഞിരപ്പളളിയില്‍ നിന്ന് തിരുവല്ലയിലെത്തിയ സുരേന്ദ്രനും പിന്നീട് സത്യഗ്രഹത്തില്‍ പങ്കുചേര്‍ന്നു. ഇതോടെ പ്രദേശത്തേക്ക് സ്ത്രീകള്‍ ഉള്‍പ്പടെയുളള പ്രവര്‍ത്തകര്‍ എത്തി.

   പാര്‍ലമെന്റ് മണ്ഡലത്തില്‍ പരക്കെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി നേതാക്കള്‍ ആശ്യപ്പെട്ടു. കാഞ്ഞിരപ്പളളിയില്‍ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രവത്തകര്‍ ചുറ്റും കൂടിനിന്നാണ് സുരേന്ദ്രനെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തിയത്. തിരുവല്ലയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എന്‍. ഹരികൃഷ്ണന്‍, വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ, സെക്രട്ടറി സുരേഷ് ഓടക്കല്‍, മഹിളാമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് സന്ധ്യാമോള്‍, സീമ അനില്‍, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കുറ്റൂര്‍ പ്രസന്നകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം, നിയോജക മണ്ഡലം ഉപാധ്യക്ഷന്‍ അനീഷ് വര്‍ക്കി, പ്രവര്‍ത്തകരായ ഹരീഷ് കൃഷ്ണന്‍, സുധീഷ് കുമാര്‍, സജിത്ത്, ബിപിന്‍ ബാബു എന്നിവര്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇവരെ തിരുവല്ല ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കാഞ്ഞിരപ്പള്ളിയില്‍ സുരേന്ദ്രന്റെ വാഹനവും ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനവും ആക്രമികള്‍ തല്ലിത്തകര്‍ത്തു. വഴിതടഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ അതുവഴി രോഗിയുമായെത്തിയ ആംബുലന്‍സും തടഞ്ഞു. നിയമപാലകര്‍ നോക്കിനില്‍ക്കെ ആക്രമണം നടത്തിയവരെ പിടികൂടാതിരുന്ന പോലീസിന്റെ നടപടിയില്‍ പ്രതിഷേധം വ്യാപകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.